ന്യൂഡൽഹി: രാജ്യത്ത് 130 ജില്ലകൾ റെഡ് സോണിൽ. കോവിഡ് വ്യാപനതോത് കൂടുതലുള്ള ജില്ലകളാണ് റെഡ് സോൺ പരിധിയിൽ ഉൾപ്പെടുന്നത്. കേരളത്തിൽ നിന്നു കോട്ടയം, കണ്ണൂർ ജില്ലകൾ റെഡ് സോണിലാണ്. കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള റെഡ് സോൺ പട്ടികയിലാണ് കോട്ടയവും കണ്ണൂരും ഉൾപ്പെടുന്നത്. റെഡ് സോൺ ജില്ലകളിൽ അതീവ ജാഗ്രത പുലർത്തും. ഇവിടെ മേയ് മൂന്നിനു ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരും.

കേന്ദ്രം പുറത്തിറക്കിയ പട്ടിക പ്രകാരം രാജ്യത്ത് 284 ഓറഞ്ച് സോണുകളും 319 ഗ്രീൻ സോണുകളും ഉണ്ട്. ഗ്രീൻ സോണുകളിൽ മേയ് മൂന്നിനു ശേഷം ഇളവുകൾ ലഭ്യമാകും. സംസ്ഥാനത്ത് വയനാടും എറണാകുളവുമാണ് ഗ്രീൻ സോൺ പട്ടികയിൽ ഉള്ളത്. മറ്റു ജില്ലകൾ ഓറഞ്ച് സോണിലാണ്. കഴിഞ്ഞ 21 ദിവസത്തിനിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളാണ് ഗ്രീൻ സോൺ പരിധിയിൽ വരുന്നത്. നേരത്തെ ഇത് 28 ദിവസമായിരുന്നു.

Read Also: ഷമിയുടെ ഏറുകൊണ്ട് തുടയിൽ നീരുവന്നു, പത്ത് ദിവസം കിടപ്പിലായി: സ്‌മൃതി മന്ദാന

രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ മേയ് മൂന്നിനു അവസാനിക്കും. ലോക്ക്‌ഡൗണ്‍ അവസാനിച്ചാൽ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. കോവിഡ് വ്യാപനം ഇല്ലാത്ത രാജ്യത്തെ ജില്ലകളിൽ ഇളവുകൾ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മേയ് നാല് മുതൽ ഇളവുകൾ എങ്ങനെയെല്ലാം എന്നതിനെ കുറിച്ച് പുതിയ മാർഗരേഖ പുറത്തിറക്കുമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് മുക്ത ജില്ലകളിൽ ആയിരിക്കും നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുക. റെഡ് സോണുകളിൽ പതിവ് നിയന്ത്രണം തുടരാനാണ് സാധ്യത.

Read Also: കൊറോണ വെെറസിന്റെ ഉത്ഭവം ചെെനീസ് ലാബിൽ നിന്നു തന്നെ; പിടിവിടാതെ ട്രംപ്

അതേസമയം, കേരളത്തിൽ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 111 ആണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. നിലവിൽ 20,711 പേർ കേരളത്തിൽ കോവിഡ്-19 നിരീക്ഷണത്തിലുണ്ട്. ഇതിൽ തന്നെ 20,285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 95 പേരെ ഇന്നലെ മാത്രം ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഇന്നലെ ഓരോരുത്തർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ജില്ല തിരിച്ചുള്ള ചികിത്സയിലുള്ളവരുടെ എണ്ണം

കണ്ണൂർ – 47

കോട്ടയം – 18

ഇടുക്കി – 14

കൊല്ലം – 12

കാസർഗോഡ് – 09

കോഴിക്കോട് – 04

മലപ്പുറം – 02

തിരുവനന്തപുരം – 02

പത്തനംതിട്ട – 01

എറണാകുളം – 01

പാലക്കാട് – 01

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook