ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് ആറ് പേർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 106 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 25 ആയി. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 979 പേർക്കാണ്.

കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുമ്പോൾ രാജ്യം ഏറെ ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത്. തമിഴ്‌നാട്ടിൽ ഇന്നുമാത്രം എട്ട് പുതിയ കേസുകൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ആകെ കേസുകൾ 196 ആയി. മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് എട്ട് പേരാണ്. രാജ്യത്ത് ഇതുവരെ 34,931 രക്തസാംപിളുകളാണ് കോവിഡുമായി ബന്ധപ്പെട്ട് പരിശോധിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read Also: എന്താണ് റാപ്പിഡ് ടെസ്റ്റ്? അതെങ്ങനെ നടത്താം

കേരളത്തിൽ ഇന്നുമാത്രം 20 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ എട്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും തിരുവനന്തപുരം, തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 18 വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് വൈറസ് പകർന്നു, ഇതിൽ ഒരാൾ എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകനാണ്.

201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook