വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വസതിയിലെ ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചതായി റിപോർട്ട്. ഇറ്റലിയിൽ നിന്നുള്ള ജീവനക്കാരനെ കോവിഡ് പരിശോധന ഫലം പോസിറ്റീവയതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
പോപ്പിന്റെ അടുത്ത സഹായികളിലൊരാളും വത്തിക്കാൻ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനുമാണ് കോവിഡ് ബാധിതനെന്ന് ഇറ്റാലിയൻ മാധ്യമമായ ഇൽ മെസേജെറ റിപോർട്ട് ചെയ്യുന്നു. പോപ്പിന്റെ വസതിയായ സാന്റാ മാർത്തയിൽ ദീർഘ കാലമായി താമസിക്കുന്നയാൾക്കാണ് രോഗബാധ. ഇയാൾക്ക് പനിയുള്ളതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കോവിഡ് പരിശോനയ്ക്ക് വിധേയനാക്കുകയായിരുന്നു.
ഒരുമാസത്തോളമായി സ്വവസതിയിൽ വിശ്രമത്തിലാണ് മാർപാപ്പ. ജലദോഷവും ചുമയും ബാധിച്ചതിനെത്തുടർന്നായിരുന്നു മാർപാപ്പ പൊതു പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. വിഭൂതി തിരുനാളിനാണ് അവസാനമായി മാർപാപ്പ പൊതുപരിപാടിയിൽ പങ്കെടുക്കുകയും വിശ്വാസികളെ കാണുകയും ചെയ്തത്.
Read More: ഇത് ഞങ്ങൾ സൃഷ്ടിച്ചതല്ല; കൊറോണ വെെറസിനെ പറ്റി ചെെന
ഇറ്റലിയിലാണ് കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത്. 7,503 പേർ ഇറ്റലിയിൽ രോഗം ബാധിച്ച് ഇതുവരെ മരിച്ചതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കർ പ്രകാരമുള്ള വിവരം. 74,386 പേർകക്കാണ് രോഗബാധ. ലോകത്താകെ 21,000ലധികം ആളുകൾ രോഗബാധയെത്തുടർന്ന് ഇതുവരെ മരിച്ചു. 4.87 ലക്ഷം പേരെയാണ് ലോകവ്യാപകമായി കോവിഡ് ബാധിച്ചിരിക്കുന്നത്.
ചെെനയിലാണ് രോഗബാധിതർ ഏറ്റവും കൂടുതൽ. 81,782 പേർ. 3291 പേർ ചെെനയിൽ മരണപ്പെട്ടു. യുഎസിൽ 69, 197 പേർക്ക് രോഗബാധ കണ്ടെത്തി. 1046 പേർ മരിച്ചു. സ്പെയിനിൽ 56,188 പേർ കോവിഡ് ബാധിതരാണ്. 4089 പേരാണ് സ്പെയിനിൽ കോവിഡ് ബാധിച്ച് മരിച്ചത്.