ചൈനയില്‍ കൊറോണ വൈറസ് ബാധ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നു. വായു മലിനീകരണത്തിലെ പ്രധാന വില്ലനായ നൈട്രജന്‍ ഡൈഓക്‌സൈഡിന്റെ അളവ് രാജ്യത്ത് കുത്തനെ കുറഞ്ഞുവെന്ന് നാസയും ഈസയും.

അന്തരീക്ഷത്തിലെ നൈട്രജന്‍ ഡൈഓക്‌സൈഡിന്റെ അളവുകള്‍ താരമത്യപ്പെടുത്തിയുള്ള ചിത്രങ്ങള്‍ അമേരിക്കയുടെ നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനും (നാസ) യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും (ഇഎസ്എ) പുറത്തുവിട്ടു.

ജനുവരി ഒന്ന് മുതല്‍ 20 വരെയുള്ള അന്തരീക്ഷത്തിന്റെ ചിത്രവും ഫെബ്രുവരി 10 മുതല്‍ 25 വരെയുള്ള ചിത്രവുമാണ് പുറത്തുവന്നത്. ആദ്യ ചിത്രത്തെ അപേക്ഷിച്ച് രണ്ടാമത്തേതില്‍ അന്തരീക്ഷത്തില്‍ നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യറ  വളരെക്കുറവാണ്. ഇത് കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടശേഷം ചൈനയില്‍ സാമ്പത്തിക രംഗത്തുണ്ടായ തളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നാസ പറയുന്നു. ചൈന ജനങ്ങളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നത് ആരംഭിക്കുന്നതിന് മുമ്പുള്ള ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തേത് നിരീക്ഷണകാലത്തേതും.

Read Also: ബിജെപി നേതാവ് കപിൽ മിശ്രയുടെ ‘സമാധാന റാലി’യിലും കൊലവിളി

ഈസയുടെ സെന്റനെല്‍-5 ഉപഗ്രഹത്തിലെ ട്രോപോസ്‌ഫെറിക് മോണിറ്ററിങ് ഇന്‍സ്ട്രുമെന്റ് (ട്രോപോമി) ആണ് നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിദ്ധ്യത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചത്. നാസയുടെ ഓറ ഉപഗ്രഹത്തിലെ ഓസോണ്‍ മോണിറ്ററിങ് ഇന്‍സ്ട്രുമെന്റും സമാനമായ വിവരം ശേഖരിച്ചിരുന്നു.

വാഹനങ്ങള്‍, വൈദ്യുത നിലയങ്ങള്‍, വ്യവസായ സൗകര്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് നൈട്രജന്‍ ഡൈ ഓക്‌സൈഡ് പ്രധാനമായും പുറംതള്ളുന്നത്. വലിയൊരു മേഖലയില്‍ ഒരു നാടകീയമായ കുറവ് താന്‍ ആദ്യമായിട്ടാണ് കാണുന്നതെന്ന് നാസയുടെ ഗൊദ്ദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ വായുനിലവാര ഗവേഷകയായ ഫെയ് ലിയു പറയുന്നു.

മുന്‍ വര്‍ഷങ്ങളിലെ കുറവിനേക്കാള്‍ നിര്‍ണായകമാണ് ഈ വര്‍ഷത്തേതെന്ന് ലിയു പറയുന്നു. ഈ വര്‍ഷം കൂടുതല്‍ കാലം നീണ്ടുനിന്നു. വൈറസ് പടരുന്നത് തടയാന്‍ ദേശവ്യാപകമായി നിരവധി നഗരങ്ങള്‍ നടപടികള്‍ സ്വീകരിച്ചതിനാല്‍ താനിതില്‍ അത്ഭുതപ്പെടുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 2008-ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യ സമയത്തും നിരവധി രാജ്യങ്ങളില്‍ നൈട്രജന്‍ ഓക്‌സൈഡിന്റെ അളവ് കുറഞ്ഞിരുന്നുവെന്നും എന്നാലത് സാവധാനത്തിലായിരുന്നുവെന്നും ലിയു പറയുന്നു.

Read Also: പുകഞ്ഞ കൊള്ളി പുറത്ത്; കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാദർ റോബിനെ വെെദികവൃത്തിയിൽ നിന്നു പുറത്താക്കി

എല്ലാവര്‍ഷവും ഇക്കാലയളവില്‍ പൊതുവിലൊരു മാന്ദ്യം ഉണ്ടാകാറുണ്ടെന്ന് നാസയിലെ വായു ഗുണനിലവാര ശാസ്ത്രജ്ഞനായ ബാരി ലെഫര്‍ പറയുന്നു. തങ്ങളുടെ പക്കലുള്ള ദീര്‍ഘകാലത്തെ ഒഎംഐ വിവരങ്ങള്‍ കാണിക്കുന്നത് ഇപ്പോഴത്തേത് അസാധാരണമാണെന്നാണെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ അന്തരീക്ഷ വായു നിലവാരത്തില്‍ ചൈനയിലെ ചാന്ദ്ര പുതുവര്‍ഷം ഒരു പങ്കുവഹിച്ചിട്ടുണ്ടാകാമെന്ന് ഗവേഷകര്‍ കരുതുന്നു. ഒരു അവധിക്കാല പ്രഭാവവും നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ കുറവിന് കാരണമായിട്ടുണ്ടാകുമെന്നും അവര്‍ കരുതുന്നു.

വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനുമായുള്ള എല്ലാ ഗതാഗത സംവിധാനങ്ങളും ചൈനയിലെ അധികൃതര്‍ അടച്ചിരുന്നു. കൂടാതെ പ്രാദേശിക വ്യവസായത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

അതേസമയം, കൊറോണ വെെറസ് ബാധയെ തുടർന്ന് ചെെനയിൽ മരിച്ചവരുടെ എണ്ണം 2870 ആയി. 575 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ചെെനയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 80,000 ത്തിനോട് അടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook