ബെയ്ജിങ്: കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. ചൊവ്വാഴ്ച മാത്രം ഹുബൈ പ്രവിശ്യയിൽ 132 പേർ മരിച്ചു. 75,121 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കൃത്യം മരണ സംഖ്യ 2009 ആയി.

ഫെബ്രുവരി 20 മുതൽ ചൈനയിൽ നിന്നുള്ളവർക്ക് പ്രവേശനം നിഷേധിക്കുമെന്ന് റഷ്യ അറിയിച്ചു. തൊഴിൽ, സ്വകാര്യ, വിദ്യാഭ്യാസ, ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി റഷ്യയിലേക്ക് പ്രവേശിക്കുന്ന ചൈനീസ് പൗരന്മാർക്കാണ് യാത്രാ നിരോധനം. കൊറോണ നിലവിൽ നിയന്ത്രണ വിധേയമാണെങ്കിലും നിലവിലെ സ്ഥിതി അപകടകരമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അറിയിച്ചു.

ദക്ഷിണ കൊറിയയിൽ 10 പത്ത് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 49 ഓളം പൗരന്മാരെയും 25 വിദേശ പൗരന്മാരെയും ചൈനയിൽ നിന്ന് ഒഴിപ്പിക്കാൻ ഉക്രെയ്ൻ ഒരു വിമാനം അയയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് ആരോഗ്യമന്ത്രി സോറിയാന സ്കാൽറ്റെസ്ക പറഞ്ഞു.

വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നത് ആശ്വാസമാണെങ്കിലും മരണസംഖ്യ ഉയരുന്നത് തിരിച്ചടിയായി തന്നെ തുടരുന്നു. പതിനായിരത്തിലധികം ആളുകൾ രോഗം ഭേദമായി ആശുപത്രി വിട്ടതായും കണക്കുകൾ പറയുന്നു.

Read More: കൊറോണ: മരണസംഖ്യ 1800 കവിഞ്ഞു; രോഗബാധിതരുടെ എണ്ണം കുറയുന്നു

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ചൈനീസ് അധികൃതർക്കൊപ്പം വൈറസിനെ നേരിടാൻ രംഗത്തിറങ്ങി. 12 അംഗ സംഘമാണ് ചൈനയിലുള്ളത്. ബെയ്ജിങ്, ഗുവാങ്ഡോങ്, സിഷ്വാൻ എന്നിവിടങ്ങളിൽ ഇവർ പര്യടനം ആരംഭിച്ചു.

വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ ശക്തമായി തന്നെ തുടരുകയാണ്. ഉപയോഗിച്ച നോട്ടുകളും നാണയങ്ങളും വീണ്ടും വിപണിയിലെത്തു മുന്പ് അണുവിമുക്തമാക്കുന്നുണ്ടെന്ന് ചൈനീസ് സെൻട്രൽ ബാങ്ക് അറിയിച്ചു. ഹുബെ പ്രവിശ്യയിലേക്കുള്ള സഞ്ചാര നിയന്ത്രണം സർക്കാർ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ചൈനയ്ക്ക് സഹായവുമായി ഇന്ത്യൻ വിമാനമെത്തും. മെഡിക്കൽ ഉപകരണങ്ങളുൾപ്പടെയുള്ള വസ്തുക്കളുമായുള്ള പ്രത്യേക വിമാനം ചൈനയിൽ എത്തുമെന്ന് ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്റി അറിയിച്ചു. ഈ വിമാനത്തിന്റെ മടക്ക യാത്രയിൽ ചൈനയിൽ നിന്നു നാട്ടിലേക്കു പോകാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെയും അയൽരാജ്യങ്ങളിലുള്ളവരെയും കൊണ്ടുവരാനും പദ്ധതിയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook