ചെെനയിലെ ഷെങ്സെൻ നഗരത്തിൽ പട്ടിയെയും പൂച്ചയെയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിന് നിരോധനം. മെയ് 01 മുതൽ നിരോധനം നിലവിൽ വരുമെന്ന് നഗരത്തിലെ പ്രാദേശിക ഭരണകൂടം അറിയിച്ചതായി റോയിറ്റേഴ്സ് വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.

വളർത്തുമൃഗങ്ങളെയും വന്യ ജീവികളെയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനെതിരേ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമർശനങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഷെങ്സൻ നഗരത്തിൽ പൂച്ചയുടെയും പട്ടിയുടെയും മാംസം നിരോധിച്ചതെന്നാണ് കരുതപ്പെടുന്നത്.

ചെെനയിലും ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുമായി മൂന്ന് കോടിയോളം നായകളെ മാംസത്തിനു വേണ്ടി കൊല്ലുന്നതായി മൃഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഹ്യുമെയ്ൻ സൊസെെറ്റി ഇന്റർനാഷനൽ പറയുന്നു. ഷെങ്സെൻ നഗര ഭരണകൂടത്തിന്റെ നടപടിയെ അഭിനന്ദിക്കുന്നതായും ഹ്യുമെയ്ൻ സൊസെെറ്റി ഇന്റർനാഷനൽ പ്രതിനിധി ഡോക്ടർ പീറ്റർ ലി വ്യക്തമാക്കി.

Also Read: കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 10 ലക്ഷത്തോടടുക്കുന്നു, മരണം 50,000ലധികം

നായയിറച്ചി തിന്നുന്നത് ചെെനയിൽ വ്യാപകമല്ല. രാജ്യത്തെ ഭൂരിപക്ഷം ആളുകളും ഇത്തരം ഭക്ഷണങ്ങളോട് മുഖം തിരിക്കുന്നവരാണ്. ചെെനയിൽ മാത്രം പ്രതിവർഷം ഒരു കോടി നായകളെയും 40 ലക്ഷം പൂച്ചകളെയും ഭക്ഷണത്തിനായി കൊല്ലുന്നുണ്ടെന്ന് പീറ്റർ ലി പറഞ്ഞു.

രാജ്യത്ത് വന്യജീവികളുടെ മാംസം വിൽക്കുന്നതിന് ഫെബ്രുവരിയിൽ ചെെനീസ് സർക്കാർ നിരോധനം കൊണ്ടുവന്നിരുന്നു. വുഹാനിൽ കൊറോണ വെെറസ് പകർന്നത് വന്യജീവികളുടെ മാംസം കഴിച്ചവരിലൂടെയാണെന്ന റിപോർട്ടുകളെത്തുടർന്നായിരുന്നു നടപടി. അത്തരം മാംസ വിൽപന ശാലകൾക്കെതിരേ ചെെനീസ് സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പൂച്ചയുടെയും നായയുടെയും ഇറച്ചി വിൽപന തുടർന്നിരുന്നു.

Also Read: വെെറസ് വാഹകരാവുമ്പോഴും വവ്വാലുകൾക്ക് എന്തുകൊണ്ട് രോഗബാധ വരുന്നില്ല?

ഡിസംബറിൽ ചെെനയിലെ വുഹാൻ നഗരത്തിലാണ് ആദ്യ കോവിഡ് ബാധ റിപോർട്ട് ചെയ്തത്. വവ്വാൽ ഇറച്ചി കഴിച്ചതിലൂടെയാണ് മനുഷ്യരിലേക്ക് വെെറസ് പടർന്നതെന്ന തരത്തിൽ റിപോർട്ടുകൾ അന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്.

നിലവിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ യുഎസ്, ഇറ്റലി സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് പിറകിൽ നാലാമതാണ് ചെെന. 82, 432 കോവിഡ് കേസുകളാണ് ചെെനയിൽ ഇതുവരെ സ്ഥിരീകരിച്ചത്. 76, 571 പേർ രോഗവിമുക്തരായി. വുഹാൻ നഗരം ഉൾപെടുന്ന ഹുബെയ് പ്രവിശ്യയിൽ 3199 പേർ രോഗം ബാധിച്ച് മരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook