ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ തുടരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കർശന നിർദേശങ്ങളുമായി കേന്ദ്രം. സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടക്കണമെന്നും അതിഥി തൊഴിലാളികള്‍ എവിടെയാണോ അവിടെ തുടരാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസ സൗകര്യവും നൽകണം. തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. തൊഴിലാളികളോട് ആരെങ്കിലും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടാൽ അവർക്കെതിരെ നടപടി സ്വീകരിക്കാനും കേന്ദ്രം നിർദേശിക്കുന്നു. ഒഴിഞ്ഞു പോകാൻ നിർദ്ദേശിക്കുന്ന കരാറുകാര്‍ക്കും തൊഴിലുടമകൾക്കുമെതിരെ കർശന നടപടിയെടുക്കണം. തൊഴിലാളികളുടെ കൂട്ട പലായനം അനുവദിക്കരുതെന്നും കേന്ദ്രം സർക്കുലറിൽ വ്യക്തമാക്കുന്നു.

Also Read: നാട്ടിൽ പോകണം; പായിപ്പാട്ട് ലോക്ക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികൾ

വടക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ഡൽഹിയിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങാൻ തൊഴിലാളികൾ വലിയ രീതിയിൽ കൂട്ടംചേർന്ന് നിൽക്കുന്ന വീഡിയോ ദൃശ്യങ്ങളടക്കം പ്രചരിച്ചിരുന്നു. പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കാൽനടയായി നാട്ടിലേക്ക് മടങ്ങുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ പലരും കുഴഞ്ഞ് വീണ് മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

കേരളത്തിലും ഇന്ന് അത്തരത്തിലൊരു സംഭവവമുണ്ടായി. കോട്ടയം ജില്ലയിലെ പായിപ്പാടാണ് ലോക്ക്ഡൗൺ ലംഘിച്ച് ആയിരകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങിയത്. ഭക്ഷണമല്ല തങ്ങളുടെ പ്രശ്നമെന്നും നാട്ടിലേക്ക് പോകാൻ വാഹനമാണ് വേണ്ടതെന്നുമാണ് ഇവർ പറയുന്നത്. സംസ്ഥാനത്ത് അതീവ ജാഗ്രത പാലിച്ച് ലോക്ക് ഡൗൺ നിലനിൽക്കുമ്പോൾ ആയ്യായിരത്തോളം ആളുകൾ നടുറോഡിൽ ഒത്തുകൂടി പ്രതിഷേധിച്ചത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook