ലണ്ടന്‍: കോവിഡ് ബാധ സ്ഥിരീകരിച്ച് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 55കാരനായ ബോറിസ് ജോണ്‍സണെ തീവ്ര പരിചരണ വിഭാഗത്തില്‍നിന്നു വാര്‍ഡിലേക്ക് മാറ്റി.

മാര്‍ച്ച് 27 നാണു ബോറിസ് ജോണ്‍സണു കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം ഒരാഴ്ച ഔദ്യോഗിക വസതിക്കു സമീപമുള്ള ഫ്‌ലാറ്റില്‍ ഐസൊലേഷനിലായിരുന്നു അദ്ദേഹം. ഐസൊലേഷന്‍ കാലാവധി അവസാനിച്ചിട്ടും പനിയും ചുമയും ഉള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങള്‍ തുടര്‍ന്നതിനാലാണ് അദ്ദേഹത്തെ തുടര്‍ പരിശോധനകള്‍ക്കായി ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്.

Read More: കോവിഡ്: മരണ സംഖ്യ ഒരു ലക്ഷത്തിലേക്ക്; രോഗ ബാധിതർ 16 ലക്ഷം കടന്നു

ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സണെ സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനാല്‍ പ്രധാനമന്ത്രിയെ തിങ്കളാഴ്ച രാത്രിയാണ് ഐസിയുവിലേക്ക് മാറ്റിയത്.

ആറു മാസം ഗര്‍ഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്‌സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി മാറ്റി താമസിപ്പിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ചുമതലകള്‍ താത്കാലികമായി വിദേശകാര്യ മന്ത്രി ഡൊമിനിക് റാബാണ് നിര്‍വഹിക്കുന്നത്. ബ്രിട്ടനില്‍ മരണസംഖ്യ 7978 ആയി.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95,694 ആയി. 1,603,168 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 356,440. അമേരിക്കയില്‍ വ്യാഴാഴ്ച മാത്രം 1,900 പേരാണ് മരിച്ചത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയതും അമേരിക്കയിലാണ്.

ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ ആകെ എണ്ണം 16,691 ആയി. ഇന്നലെ മാത്രം 33,536 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 468,566 പേര്‍ക്ക് രോഗം പിടിപെട്ടു. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മരണം. വ്യാഴാഴ്ച 799 പേരാണ് മരിച്ചത്. പുതുതായി 10,333 പേര്‍ക്ക് രോഗം കണ്ടെത്തുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook