ന്യൂഡൽഹി: കോവിഡ് വ്യാപനം, തുടരുന്ന സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കിടെ ഉത്തർപ്രദേശിലെ മുപ്പത് ലക്ഷത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികളിൽ നിരവധി പേർ തിരിച്ച് തൊഴിലിടങ്ങളിലേക്ക് മടങ്ങുന്നു.
കിഴക്കൻ ഉത്തർപ്രദേശിലെ ഡിയോറിയയിലെ സർക്കാർ ബസ് സ്റ്റാൻഡിൽ, മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും പോകുന്നതിനായി നിരവധി പേർ എത്തിയിട്ടുള്ളതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
മുംബൈയിലെ ഫാക്ടറി തൊഴിലാളിയാണ് അൻസാരി. തന്റെ വലിയ ടൈലറിംഗ് യൂണിറ്റ് ഇപ്പോഴും അടച്ചിരിക്കുകയാണെന്നും ഒരു മാസം മുമ്പാണ് താൻ നാട്ടിലേക്ക് മടങ്ങിയതെന്നും പറയുന്നു.
“യുപിയിൽ തൊഴിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ തിരിച്ചു പോകില്ലായിരുന്നു. എന്റെ കമ്പനി ഇതുവരെ ആരംഭിച്ചിട്ടില്ല, പക്ഷേ എനിക്ക് കഴിയുന്ന ജോലികൾ കണ്ടെത്താനായി ഞാൻ മടങ്ങുകയാണ്. കൊറോണ വിശപ്പിനേക്കാൾ നല്ലതാണ്. എന്റെ മക്കൾ വിശന്ന് മരിക്കുന്നതിനെക്കാൾ ഭേദം എനിക്ക് കൊറോണ വന്ന് ഞാൻ മരിക്കുന്നതാണ്,”ബസ്സിൽ കയറുന്നതിന് മുമ്പ് അൻസാരി പറഞ്ഞതായി എൻഡിടി റിപ്പോർട്ട് ചെയ്യുന്നു.
Read More: ലോകത്ത് ഒരു കോടിയിലേറെ കോവിഡ് രോഗികൾ; വിറങ്ങലിച്ച് ലാേകരാജ്യങ്ങൾ
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. ഒറ്റദിനം ഇരുപതിനായിരത്തിനടുത്ത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്കാണ് കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,28,859 ആയി.
രാജ്യത്തെ ആകെ കോവിഡ് മരണം 16,095 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 410 പേരാണ്. രാജ്യത്ത് ആദ്യമായാണ് ഒറ്റദിനം കോവിഡ് രോഗികളുടെ എണ്ണം 19,000 കടക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യം അമേരിക്കയാണ്. ബ്രസീലും റഷ്യയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ആഗോളതലത്തിൽ സ്ഥിതി വഷളാകുകയാണ്.
രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതീവ രൂക്ഷമായിരിക്കുന്നത്. 87 ശതമാനം കോവിഡ് കേസുകളും ഈ എട്ട് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ 85.5 ശതമാനം സജീവമായ കോവിഡ് രോഗികളുള്ളത്.
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. ആകെ രോഗികളുടെ എണ്ണം 1,00,65,257 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.66 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ അമേരിക്കയിലാണ്. അതിനു പിന്നിൽ ബ്രസീൽ ഉണ്ട്.