കോവിഡ് 19: തമിഴ്നാട്ടിലെ ഫാമിലേക്ക് ഓഫീസ് മാറ്റി ബെംഗളൂരുവിലെ സ്റ്റാർട്ടപ്

വുമോനിക് ഡാറ്റ ലാബ്സിന്റെ 12 പേരടങ്ങിയ ടീമാണ് തേനി ജില്ലയിലെ തേവാരം ഫാമിലിരുന്ന് മാർച്ച് 12 മുതൽ ജോലി ചെയ്തു തുടങ്ങിയത്

bengaluru start up, ie malayalam

ബെംഗളൂരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ടെക്കികളും ആശങ്കയിലാണ്. പല കമ്പനികളും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുളള നിർദേശം നൽകി കഴിഞ്ഞു. തങ്ങളുടെ ജീവനക്കാരെ സുരക്ഷിതരും പരിഭ്രാന്തിയിൽ നിന്ന് അകറ്റിനിർത്തുന്നതിനും വേണ്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് അവരുടെ ഓഫീസ് തമിഴ്‌നാട്ടിലെ പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലുള്ള ഒരു ഫാമിലേക്ക് മാറ്റിയിരിക്കുകയാണ്.

ബെംഗളൂരുവിലെ എച്ച്ആർഎസ് ലേഔട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വുമോനിക് ഡാറ്റ ലാബ്സിന്റെ 12 പേരടങ്ങിയ ടീമാണ് തേനി ജില്ലയിലെ തേവാരം ഫാമിലിരുന്ന് മാർച്ച് 12 മുതൽ ജോലി ചെയ്തു തുടങ്ങിയത്.

”കുറച്ച് ദിവസത്തേക്ക് ഞങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഓപ്ഷനുകൾ പരീക്ഷിച്ചുവെങ്കിലും, ജോലി കഠിനമാവുകയും ചുറ്റും മാസ്ക് ധരിച്ച നിരവധി ആളുകളെ കണ്ടതിനുശേഷം ജീവനക്കാർ പരിഭ്രാന്തരാകാനും തുടങ്ങി. ജീവനക്കാരിൽ ചിലർക്ക് ബന്ധുക്കളിൽ നിന്ന് അവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് കോളുകൾ ലഭിക്കാൻ തുടങ്ങി,” കമ്പനിയുടെ എച്ച്ആർ മാനേജർ ആൻഡ്രിയ ഫെർണാണ്ടസ് പറഞ്ഞു.

ജീവനക്കാർക്ക് പോസിറ്റീവ് എനർജി നൽകുന്നതിനും അതിനൊപ്പം അവരുടെ ഉൽ‌പാദനക്ഷമത കുറയാതിരിക്കാനും വേണ്ടിയാണ് കമ്പനി ഈ താൽ‌ക്കാലിക ഒളിച്ചോട്ടത്തെക്കുറിച്ച് ചിന്തിച്ചതെന്നും അവർ പറഞ്ഞു. ”ടീമിന് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും പരസ്പരം നന്നായി ആശയവിനിമയം നടത്താൻ പോലും ബുദ്ധിമുട്ടുന്നുണ്ടെന്നും ഞങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. ആദ്യം എട്ടു പേരാണ് ഞങ്ങൾക്കൊപ്പം ഇവിടേക്ക് വരാൻ തയ്യാറായത്. ബാക്കിയുളളവർ ഇവരിൽനിന്നും നല്ല പ്രതികരണം കിട്ടിയശേഷമാണ് വന്നത്” ഫെർണാണ്ടസ് അഭിപ്രായപ്പെട്ടു.

bengaluru start up, ie malayalam

ഒരു ഗ്രാമത്തിൽ നിന്ന് ജോലി ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷം മുതൽ ആലോചിച്ചിരുന്നതായി വുമോനിക് ദത്ത ലാബ്സിന്റെ സിഇഒയും സഹസ്ഥാപകനുമായ അരവിന്ദ് രാജു പറഞ്ഞു. നിലവിലെ സാഹചര്യം അത് വേഗത്തിൽ നടപ്പാക്കാനുള്ള ഒരു ഒഴികഴിവ് മാത്രമായിരുന്നു. നെതർലൻഡ്‌സ് സന്ദർശനവേളയിൽ തന്നെ ഇത് ചെയ്യാനുള്ള ആശയം ഉയർന്നുവന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരങ്ങളിൽ തിരക്ക് കൂടുന്നതിനൊപ്പം പണപ്പെരുപ്പം, ഗതാഗതം, മലിനീകരണം എന്നിവ പോലുള്ള ഒന്നിലധികം പ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഒരു ഗ്രാമത്തിലോ ഒരു ചെറിയ പട്ടണത്തിലോ ഓഫീസ് സ്ഥാപിക്കുന്നതിലൂടെ ജോലിയും ജീവിതവും ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിഇഒയുടെ മുത്തശ്ശിയുടെ ഉടമസ്ഥതയിലുള്ള ഫാം സ്റ്റാർട്ടപ്പിനായി താൽക്കാലിക ഓഫീസാക്കി മാറ്റുകയായിരുന്നു. തുടക്കത്തിൽ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാത്തതടക്കമുളള നിരവധി ബുദ്ധിമുട്ടുകൾ ടീം നേരിട്ടു. ”നല്ല കവറേജുള്ള സ്ഥലങ്ങൾ‌ കണ്ടെത്തിയശേഷം പ്രദേശത്ത് തണലേകുന്ന മരങ്ങൾക്ക് ചുറ്റും ഞങ്ങൾ‌ പായകൾ വിരിക്കുകയും അവിടെയിരുന്ന് ജോലി ആരംഭിക്കുകയും ചെയ്‌തു. ശാന്തമായ അന്തരീക്ഷവും നല്ല ശുദ്ധവായുവും ഞങ്ങളുടെ എനർജിയെ നിത്യേന കൂട്ടി” ഫെർണാണ്ടസ് പറഞ്ഞു.

bengaluru start up, ie malayalam

രാവിലെ വ്യയാമത്തോടെയാണ് ടീമിന്റെ ഷെഡ്യൂൾ തുടങ്ങുന്നത്. വൈകീട്ട് 5 വരെ ജോലി ചെയ്യും. അതിനുശേഷം ട്രെക്കിങ്, നീന്തൽ, പുതിയ സ്ഥലങ്ങളിലേക്കുളള യാത്ര അടക്കം രസകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നു. അത്തരം പ്രവൃത്തികളും ഫാമിന്റെ മൊത്തത്തിലുള്ള അന്തരീക്ഷവും പരിഭ്രാന്തിയിൽ നിന്ന് പോസിറ്റീവിറ്റിയിലേക്കുള്ള പരിവർത്തനത്തിന് സഹായകമാവുകയും ഉൽപാദന ക്ഷമത കൂട്ടുകയും ചെയ്തതായി കമ്പനിയുടെ ബിസിനസ് അനലിസ്റ്റ് വെങ്കടേഷ് വരൺ പറഞ്ഞു.

ഫാമിൽ നിന്ന് നേരിട്ട് കിട്ടുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ പുകവലി ശീലങ്ങളിൽ നിന്ന് അകന്നു നിൽക്കാനും വിശപ്പ് കൂടാനും കാരണമായെന്ന് വരൺ പറഞ്ഞു. കമ്പനിയുടെ മൊത്തത്തിലുളള വളർച്ചയ്ക്ക് പുതിയ മാറ്റം സഹായകമായെന്ന് സിഇഒ രാജു പറഞ്ഞു. ഈ മാസം തുടക്കത്തിൽ 12,000 ഉപയോക്താക്കളാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. പക്ഷേ മാർച്ച് 7 മുതൽ ഏകദേശം 5,000 പുതിയ ഡൗൺലോഡുകൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് ടീമിന് ഇപ്പോൾ പ്ലാനില്ല. കൊറോണയുമായി ബന്ധപ്പെട്ട ആശങ്കകളെല്ലാം അകലുന്നതുവരെ മാറിനിൽക്കാനാണ് ടീം ശ്രമിക്കുന്നത്.

Read Also: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

ഇവിടെ സ്ഥിരമായി കമ്പനി പ്രവർത്തിക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇവിടുത്തെ കർഷകരിൽനിന്നും മറ്റുളളവരിൽനിന്നും ഞങ്ങൾക്ക് കിട്ടുന്ന സ്വീകരണവും പെരുമാറ്റവും ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിശീലനം നൽകിയാൽ സൗജന്യമായി ഞങ്ങൾക്ക് വേണ്ടി ജോലി ചെയ്യാമെന്ന വാഗ്‌ദാനമായി ചില ഗ്രാമവാസികൾ മുന്നോട്ടു വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാഴ്ചയിലൊരിക്കൽ ഇവിടെ വന്ന് ജോലി ചെയ്യാമെന്നൊരു നിർദേശം ജീവനക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. സ്ഥിരമായി അല്ലെങ്കിലും ഇടയ്ക്കൊക്കെ നഗരം വിട്ട് ഇവിടെ വന്ന് ജോലി ചെയ്യുന്നത് നല്ല ആശയമാണെന്നും വരൺ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus bengaluru startup relocates to a farm in tamil nadu

Next Story
ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങുന്നുbill gates microsoft board of directors, ബിൽ ഗേറ്റ്സ്, മൈക്രോസോഫ്റ്റ്, bill gates leaves, bill gates steps down, indian express news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com