scorecardresearch
Latest News

ബെംഗളൂരു വീണ്ടും സമ്പൂർണ അടച്ചു പൂട്ടലിലേക്കെന്ന സൂചനയുമായി ആരോഗ്യ മന്ത്രി

ഇന്നലെ മാത്രം 107 പേർക്കാണ് ബെംഗളൂരുവിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 150 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

covid, corona virus, ie malayalam

ബെംഗളൂരൂ: ബെംഗളൂരു വീണ്ടും സമ്പൂർണ അടച്ചു പൂട്ടലിലേക്കെന്ന സൂചന നൽകി കർണാടക ആരോഗ്യ മന്ത്രി. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് മന്ത്രി ബി.ശ്രീരാമലു പറഞ്ഞു. മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും ആരോഗ്യ വിദഗ്‌ധരുമായുളള കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മാത്രം 107 പേർക്കാണ് ബെംഗളൂരുവിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 150 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതിനിടെ, കോവിഡ് രോഗികളുടെ ഡിസ്ചാർജ് നയം സംസ്ഥാന സർക്കാർ പരിഷ്കരിച്ചു. പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗികൾക്ക്, ഓക്സിമെട്രി പരിശോധനകളും സാധാരണ താപനില പരിശോധനയും നിർബന്ധമായും നടത്തും. ഇവർക്ക് രോഗലക്ഷണങ്ങളോ പനിയോ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും. ചെറിയ രോഗലക്ഷണങ്ങൾ ഉളളവരെ 10 ദിവസത്തിനുശേഷം ഡിസ്ചാർജ് ചെയ്യും. അതേസമയം, ഗുരുതര പ്രശ്നമുളളവരെ രോഗം ഭേദമായ ശേഷമേ ഡിസ്ചാർജ് ചെയ്യൂ.

Read Also: എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ്; പ്രതിരോധ കുത്തിവയ്‌പെടുത്ത കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു. മരണസംഖ്യ 14,476 ആയി. 24 മണിക്കൂറിനിടെ 465 പേരാണ് മരിച്ചത്. 4,56,183 കേസുകളിൽ രണ്ടര ലക്ഷത്തോളം പേർ രോഗമുക്തി നേടി. 1.8 ലക്ഷം പേർ ചികിത്സയിലാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ, 1,39,010 കേസുകൾ. മഹാരാഷ്ട്ര കഴിഞ്ഞാൽ ഡൽഹി (66,602), തമിഴ്നാട് (64,603) എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതൽ. മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് 6,531പേരും ഡൽഹിയിൽ 2,301 പേരും മരിച്ചു. ഡൽഹിയിൽ ഇന്നലെ മാത്രം 4,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus bengaluru may see lockdown again