വാഷിങ്ടൺ: കോവിഡ്-19 ഏറ്റവും നാശം വിതച്ച യുഎസിൽ, തൊഴിൽ മേഖലയും തകരുന്നു. ഈ ആഴ്ചമാത്രം 60 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് തൊഴിൽ രഹിത ആനുകൂല്യങ്ങൾക്ക് അപേക്ഷിച്ചത്. കോവിഡ്-19 യുഎസിന്റെ സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച ആഘാതം എത്രത്തോളം ഭീകരമാണെന്ന് കാണിക്കുന്ന കണക്കുകളാണിത്.

കഴിഞ്ഞ ആഴ്ച 33 ലക്ഷം അപേക്ഷകളാണ് വന്നത്. മാര്‍ച്ച് 28 ന് അവസാനിച്ച തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയിലാണ് 33 ലക്ഷം അപേക്ഷകള്‍ വന്നത്. ഇതിനു മുമ്പത്തെ ആഴ്ചയില്‍ ഇത് 24000 ആയിരുന്നു. കണക്കുകള്‍ പ്രകാരം തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയില്‍ ക്രമാതീതമായ വര്‍ധനവാണെന്നാണ് വ്യക്തമാവുന്നത്.

നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതോടെ അൺഎംപ്ലോയ്മെന്റ് ഓഫീസിന് മുന്നിൽ നീണ്ട നിരകളാ​ണ് പ്രത്യക്ഷപ്പെടുന്നതെന്നും ഫോൺ ലൈനുകൾ ജാമാകുകയും വെബ്സൈറ്റ് പ്രവർത്തനരഹിതമാകുകയും ചെയ്തതായി ഫെഡറൽ ലേബർ വകുപ്പ് അറിയിച്ചു.

Read More: അമേരിക്കയിൽ 24 മണിക്കൂറിനിടെ മരിച്ചത് 1,480 പേർ; രാജ്യം മുൾമുനയിൽ

ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ പ്രതിസന്ധിയാണ് അമേരിക്ക ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഇതിനകം തന്നെ രാജ്യത്തുടനീളം രൂപപ്പെട്ടിട്ടുള്ള വരുമാന അസമത്വം കൂടിയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ കുത്തനെ താഴോട്ട് വീഴുമ്പോൾ വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.

ഹോട്ടൽ മേഖലയെയാണ് കോവിഡ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഒപ്പം നിര്‍മാണ മേഖലയെയും വിപണനമേഖലയെയും കോവിഡ് കാര്യമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെ തൊഴില്‍ നഷ്ടത്തെ സംബന്ധിച്ച് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച കണക്കുകളെക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടിലെ കണക്കുകള്‍.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ അമേരിക്ക മറ്റ് രാജ്യങ്ങളെ പിന്നിലാക്കി. വ്യാഴാഴ്‌ച രാത്രി 8.30 മുതൽ വെള്ളി രാത്രി 8.30 വരെയുള്ള 24 മണിക്കൂറിനിടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത് 1,480 പേരാണ്. കോവിഡ് വൈറസ് ബാധ പടരാൻ തുടങ്ങിയ ശേഷം ആദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയും ജീവനുകൾ പൊലിയുന്നത്. ജോൺ ഹോപ്‌കിൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.

അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,406 ആയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ക്രമാതീതമായി മരണ സംഖ്യ ഉയരുന്നത് ട്രംപ് ഭരണകൂടത്തെ ആശങ്കയിലാഴ്ത്തുന്നു.

വരുന്ന രണ്ട് ആഴ്‌ചക്കാലം ഏറ്റവും വിഷമകരമായ സമയമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ട്രംപ് നിർദേശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook