ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻനിരയിൽ നിന്നുകൊണ്ടുള്ള ഡോക്ടർമാരുടെ പോരാട്ടത്തിന് അഭിനന്ദനമറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുമായും ഡോക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അമിത് ഷാ. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ രാജ്യത്ത് ഒരുപാട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധനോടൊപ്പം ഷാ വീഡിയോ കോൺഫറൻസ് നടത്തിയത്.

Read More: സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം 5 മാസം പിടിക്കാൻ മന്ത്രിസഭാ തീരുമാനം

സർക്കാർ ഒപ്പമുണ്ടെന്ന് പറഞ്ഞ അമിത് ഷാ, ബുധനാഴ്ച ആസൂത്രണം ചെയ്ത പ്രതീകാത്മക പ്രതിഷേധം പിൻവലിക്കണമെന്ന് ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ഇന്ന് രാത്രി ഒമ്പത് മണിക്ക് ആശുപത്രികളിലും വീടുകളിലും മെഴുകുതിരി കത്തിച്ച് ‘വൈറ്റ് അലേര്‍ട്ട്’ എന്ന പേരില്‍ പ്രതിഷേധം അറിയിക്കാനാണ് ഐഎംഎയുടെ ആഹ്വാനം. ചെന്നൈയിൽ ഡോക്ടറുടെ മൃതദേഹത്തോട് കാണിച്ച അനാദരവിലും പ്രതിഷേധം അറിയിക്കാനാണ് ഈ പ്രതിഷേധം.

ഡോക്ടർമാരുടെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രസക്തമായ നിയമനിർമ്മാണങ്ങൾ ഉടൻ പുറത്തിറക്കുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് യോഗത്തിന് ശേഷം പ്രസ്താവനയിൽ പറഞ്ഞു.

“ആരോഗ്യമന്ത്രി ഹർഷ് വർധനും ഞാനും ഡോക്ടർമാരുമായും ഐഎംഎ പ്രതിനിധികളുമായും വീഡിയോ കോൺഫറൻസ് വഴി സംവദിച്ചു. ഈ പരീക്ഷണ ഘട്ടങ്ങളിൽ നമ്മുടെ ഡോക്ടർമാർ അവരുടെ കടമ വളരെ കഷ്ടപ്പെട്ടാണ് നിർവഹിക്കുന്നത്. കോവിഡിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാരുമായി സഹകരിക്കാൻ ഞാൻ എല്ലാ ഇന്ത്യക്കാരോടും അഭ്യർത്ഥിക്കുന്നു,” ഷാ ട്വീറ്റ് ചെയ്തു,

കഴിഞ്ഞ മാസം പലയിടങ്ങളിലും ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇന്നലെ ഒരു ആശാ വർക്കറെ മർദിച്ചതിന് അഞ്ച് പേരെ ഇന്ന് ഫരീദാബാദിൽ അറസ്റ്റ് ചെയ്തു.

Read in English: Coronavirus: Amid attacks, Home Minister Amit Shah assures doctors of their safety

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook