ന്യൂഡൽഹി: വയോധികരിലാണ്‌ കോവിഡ്-19 കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുക എന്നാണ് നേരത്തെയുള്ള കണ്ടെത്തൽ. കൂടാതെ വെെറസ് പ്രായമായവരെ പെട്ടെന്ന്‌ ബാധിക്കാൻ സാധ്യതയുണ്ടെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇന്ത്യയിലെ കോവിഡ് ബാധിതരിൽ അധികവും അറുപത് വയസിനു താഴെയുള്ളവരാണ്.

രോഗബാധിതരുടെ പ്രായം സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. രോഗ ബാധിതരിൽ 83 ശതമാനം പേരും അറുപത് വയസ്സിനു താഴെയുള്ളവരാണ്. അറുപത് വയസ്സിനു മുകളിലുള്ള രോഗികളുടെ എണ്ണം 17 ശതമാനം മാത്രം. രാജ്യത്തെ രോഗബാധിതരിൽ 41 ശതമാനം പേരും 21 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, കോവിഡ്-19 മൂലം മരിച്ചവരില്‍ ഭൂരിപക്ഷവും പ്രായം കൂടിയവരും മറ്റ് അസുഖങ്ങളുള്ളവരുമാണ്. പ്രായമായവരും പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങൾ തുടങ്ങിയയവയുള്ളവരുമാണ്‌ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും. എന്നാൽ എല്ലാ പ്രായക്കാരും കോവിഡ് വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.

രാജ്യത്തെ കോവിഡ് ബാധിതരിൽ ഏറ്റവും കൂടുതല്‍2 1 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമായമുള്ളവരാണ്. കൊറോണവൈറസ്‌ ബാധിതരിൽ 41.88 ശതമാനവും ഈ പ്രായപരിധിയിലുള്ളവരാണ്. 41 വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർ 32.82 ശതമാനം, 60 വയസ്സിന് മുകളിലുള്ളവർ 16.69 ശതമാനം, 20 വയസ്സിനു താഴെയുള്ളവർ 8.61 ശതമാനം എന്നിങ്ങനെയാണ്  പ്രായം തിരിച്ചുള്ള കണക്ക്.

Also Read: കോവിഡ്-19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 3000 കടന്നു

വിദേശ രാജ്യങ്ങളിലടക്കം യാത്ര ചെയ്യുന്നതിന്റെനിരക്ക് കൂടുതലായതാവാം ചെറുപ്പക്കാർക്ക് രോഗബാധ കൂടാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്താകെ 3,072 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 55പേർ വിദേശ പൗരൻമാരാണ്. ഇതുവരെ 75 പേർ രോഗം ബാധിച്ചു മരിച്ചു. 212  പേർ രോഗവിമുക്തരായി.

ലോകത്താകെ ഇതുവരെ 1,140, 327 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽനിന്നുള്ള കണക്കുകൾ . യുഎസിലാണ് രോഗബാധിതർ കൂടുതൽ. 278,537 പേർക്കാണ് യുഎസിൽ കോവിഡ് സ്ഥിരീകരിച്ചത്. സ്പെയിനിൽ 124,736 പേർക്കും ഇറ്റലിയിൽ 119, 827 പേർക്കും രോഗം സ്ഥിരീകരിച്ചു. 60,874 പേരാണ് ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചത്. 233,930 പേർ രോഗമുക്തരായി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook