ന്യൂഡൽഹി: കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനവ് വ്യക്തമാണ്. ഇതിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ തന്നെ 80 ശതമാനവും 62 ജില്ലകളിൽ നിന്നാണ് എന്നും മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിൽ ഏപ്രിൽ 14ന് അവസാനിക്കുന്ന 21 ദിവസത്തെ ലോക്ക്ഡൗണിന് ശേഷവും കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ സ്രോതസുകൾ വ്യക്തമാക്കുന്നു.
രാജ്യത്താകമാനം 274 ജില്ലകളിലാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു.
Also Read: ലോകകപ്പ് ഫൈനലിലെ ധോണിയുടെ നിർണായക തീരുമാനത്തിന് പിന്നിൽ സച്ചിൻ; സാക്ഷിയായി സെവാഗും
കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 505 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 3577 ആയി. 83 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. മാർച്ച് 31 ന് രോഗം ബാധിച്ചവരുടെ എണ്ണം 1251ഉം മരിച്ചവർ 32ഉം ആയിരുന്നു. ഇതിൽ നിന്ന് തന്നെ വൈറസിന്റെ വ്യാപനം എത്ര വേഗത്തിലാണെന്ന് മനസിലാക്കാം.
കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഓരോ 4.1 ദിവസം കഴിയുമ്പോഴും വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാവുകയാണ്. നിസാമുദ്ദീനിലെ പ്രാർത്ഥന സമ്മേളനം നടന്നില്ലായിരുന്നുവെങ്കിൽ വൈറസിന്റെ വ്യാപനവും പ്രത്യാഘാതവും കുറച്ച് കൂടി കുറഞ്ഞേനെയെന്നും വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകാൻ 7.4 ദിവസം വേണ്ടി വന്നേനെ.
Also Read: സ്റ്റാച്യൂ ഓഫ് യൂണിറ്റി ഒഎൽഎക്സിൽ ‘വിൽപനയ്ക്ക്’ ; പരാതിയിൽ അന്വേഷണവുമായി ഗുജറാത്ത് പൊലീസ്
രാജസ്ഥാനിലെ ഭിൽവാരയാണ് രാജ്യത്ത് കൊറോണ വൈറസിന്റെ ഏറ്റവും തീവ്രബാധിത പ്രദേശം. ദിനംപ്രതി നിരവധി പേരിലാണ് കൊറോണ വൈറസ് പരിശോധന പോസിറ്റീവാകുന്നത്. ഇത്തരത്തിൽ 62 ജില്ലകൾ രാജ്യത്തുണ്ട്. അവയെല്ലാം പൂർണമായും അടഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗണിന് ശേഷവും കർശന നിയന്ത്രണങ്ങൾ തുടരും.
അതേസമയം വായൂവിലൂടെ വൈറസ് വലിയ രീതിയിൽ പകരുന്നില്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ റിപ്പോർട്ട്. ” ഇത് ഒരു വായുവിലൂടെയുള്ള അണുബാധയല്ല. ആയിരുന്നെങ്കിൽ ഒരു കുടുംബത്തിലെ ഓരോ വ്യക്തിക്കും രോഗം ബാധിക്കും; ഒരു ആശുപത്രിയിലെ മറ്റ് രോഗികൾക്കും ഇത് ബാധകമാണ്. പക്ഷേ, അത് സംഭവിച്ചതിന്റെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായില്ല. ലോകമെമ്പാടും ഒരു ദശലക്ഷം കേസുകളുണ്ട്, അത്തരം സംഭവങ്ങളൊന്നും കണ്ടെത്തിയില്ല.” ഐസിഎംആറിലെ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ.ആർആർ ഗംഗഖേദ്ഖർ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് കോവിഡ്-19 പരിശോധന ഇരട്ടിയാക്കിയിട്ടുണ്ട്. 5800 സാമ്പിളുകൾ ഏപ്രിൽ രണ്ടിന് പരിശോധിച്ചടുത്ത് നിന്നും ഏപ്രിൽ നാലിലേക്ക് എത്തുമ്പോൾ അത് 9369 ആയി. ഞായറാഴ്ച ഇത് 9369 സാമ്പിളുകളായിരുന്നു. ചില പ്രദേശങ്ങളിൽ റാപ്പിഡ് ടെസ്റ്റിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അതേസമയം കേരളത്തിന് ആശ്വസിക്കാവുന്ന രണ്ട് ദിനങ്ങളാണ് കടന്നുപോയത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ എണ്ണത്തിലും നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തി. ഇന്നലെ എട്ട് പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് ആറുപേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 56 ആയി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 1,58,617 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.