ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് (കോവിഡ് 19) ബാധിതരുടെ എണ്ണം 52 ആയി. ഡൽഹിയിലും രാജസ്ഥാനിലുമാണ് പുതിയ രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, സംസ്ഥാന ആരോഗ്യ അധികൃതരുടെ കണക്കനനുസരിച്ച് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 61 ആണ്.

കേരളത്തിൽ എട്ടും കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മൂന്നുപേർക്കും അടക്കം ഇന്നലെ മാത്രം 14 പുതിയ കൊറോണ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയ 1,400 പേർ നിരീക്ഷണത്തിലാണ്.

COVID19 live updates: കോവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം

കേരളത്തിൽ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പുതുതായി 8 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 151 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. 1,495 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുളളത്. ഇവരിൽ 1,236 പേർ വീടുകളിലും 259 പേർ ആശുപത്രികളിലുമാണ്. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂളുകളും കോളേജുകളും ഈ മാസം 31 വരെ അടച്ചു. 7-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. പൊതുപരിപാടികൾക്കും ഉത്സവങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം, കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിൽ രോഗബാധിതരുടെ എണ്ണം കുറയുന്നതായാണ് റിപ്പോർട്ട്. ഇന്നലെ 24 പുതിയ കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിൽനിന്നും 19 എണ്ണം കുറവാണിത്. ചൈനയിൽ ഇതുവരെ 80,778 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,158 ആയി.

ആഗോളതലത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4,000 ആയി. ഒരു ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook