ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് പരിശോധനകൾ വർധിപ്പിക്കാനുളള നീക്കത്തിലാണ് കേന്ദ്രസർക്കാർ. രോഗലക്ഷണങ്ങളുളളവരെയാണ് ഇന്ത്യ അടക്കമുളള രാജ്യങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എന്നാലിതാ ചൈനയിൽ നിന്നുളള പഠനം പറയുന്നത് കോവിഡ് രോഗം സ്ഥിരീകരിച്ച 44 ശതമാനം പേർക്കും രോഗം പകർന്നത് രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്നും. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് തന്നെ മറ്റൊരാളിലേക്ക് അണുബാധ പകരാൻ തുടങ്ങിയതായും പഠനത്തിൽ മനസ്സിലാക്കി.
ഏപ്രിൽ 15 ന് നാച്യുർ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. രോഗലക്ഷണം ആരംഭിക്കുന്നതിനു മുൻപ് പകർച്ചവ്യാധി ഉയർന്നതായി മനസ്സിലാക്കി. മാത്രമല്ല 44 ശതമാനം പേർക്കും കോവിഡ് ബാധിച്ച ഒരാളിൽനിന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനു മുൻപേ അണുബാധ പകർന്നതായി പഠനത്തിൽ പറയുന്നു. സിംഗപ്പൂർ, ടിയാൻജിൻ എന്നിവിടങ്ങളിൽ 48%, 62% പ്രിസിംപ്റ്റോമാറ്റിക് ട്രാൻസ്മിഷന്റെ ഉയർന്ന അനുപാതം കണക്കാക്കപ്പെട്ടിട്ടുണ്ടെന്ന് ഗ്വാങ്‌ഷോ മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഹോങ്കോങ് സർവകലാശാലയിലെ ഗവേഷകർ ഉൾപ്പെട്ട സംഘം അഭിപ്രായപ്പെട്ടു.
രോഗലക്ഷണങ്ങൾ ഉളളവരെ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റിങ് രീതി. വിദേശത്തുനിന്നും മടങ്ങി എത്തിയവരിൽ രോഗലക്ഷണങ്ങൾ ഉളളവരെയും, രോഗലക്ഷണങ്ങളുളള ആരോഗ്യ പ്രവർത്തകർ, കടുത്ത ചുമ, ജലദോഷം, ശ്വാസതടസ്സം ഉളളവർ എന്നിവരടക്കം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന എല്ലാവരെയും നിലവിൽ ഇന്ത്യയിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ സാംപിളുകളും ശേഖരിച്ച് പരിശോധിക്കുന്നുണ്ട്.
Read Also: കോവിഡ്-19: സംസ്ഥാനത്ത് 63 ശതമാനം പേര്‍ക്കും രോഗംഭേദമായി
5-14 ദിവസത്തിനിടയിൽ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയവരെയാണ് പരിശോധനയ്ക്ക് വിധേയരാകുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഫെബ്രുവരി 15 നും ഏപ്രിൽ 2 നും ഇടയിൽ 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നുമായി 5,911 പേരുടെ സാംപിളുകൾ പരിശോധിക്കുകയും ഇതിൽ 104 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളിൽനിന്നുളള 40 കേസുകൾ രോഗലക്ഷണങ്ങളുളളവരുമായോ വിദേശയാത്ര നടത്തിയവരുമായോ സമ്പർക്കം പുലർത്തിയവരല്ലായിരുന്നു.
അതേസമയം, രോഗലക്ഷണങ്ങളില്ലാത്ത ആളുകളിൽനിന്നും അണുബാധ പകരുന്നത് വളരെ പരിമിതമാണെന്നും പരിശോധനാ തന്ത്രം കൂടുതൽ പരിഷ്കരിക്കേണ്ട ആവശ്യമില്ലെന്നും ഇന്ത്യയിലെ ആരോഗ്യ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
Read in English: Study from China: 44% got Covid from people without symptoms