ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ വളർച്ചയിൽ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. രാജ്യത്ത് ഇതുവരെ 13,387 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്, ഇതിൽ 1749 പേർ രോഗമുക്തരായപ്പോൾ 437 പേർ വൈറസ് ബാധമൂലം മരിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിലെ കണക്കനുസരിച്ച് റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളിൽ 80 ശതമാനവും രോഗം ഭേദമാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 1007 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 23 പേരാണ് ഒറ്റദിവസത്തിനുള്ളിൽ വൈറസ് ബാധമൂലം മരണപ്പെട്ടത്.
Also Read: ലോക്ക്ഡൗണ്‍: കേരളത്തില്‍ കുട്ടികളുടെ പോണ് തിരയുന്നത് വര്‍ധിച്ചു
കൊറോണ വൈറസ് ചികിത്സയ്ക്ക് രാജ്യത്തെ 1919 ആശുപത്രികൾ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ ആശുപത്രികളിലായി 173000 ഐസോലെഷൻ വാർഡുകളും 21000 ഐസിയു ബെഡുകളുമുണ്ട്. പ്രതിമാസം 6000 വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,205 ആയി. മഹാരാഷ്ട്രയിലെ മരണസംഖ്യ 194 ആയി. മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,600 കടന്നു.
അതേസമയം, സാമ്പത്തിക ഉണർവിനു പുതിയ പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങൾക്ക് അറുപത് ശതമാനം അധികഫണ്ട് നൽകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. ഇന്നത്തെ വാർത്താസമ്മേളനത്തിലാണ് സുപ്രധാന പ്രഖ്യാപനം. പല മേഖലകളിലും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി രാജ്യം മറികടക്കുമെന്നും സാമ്പത്തിക രംഗത്ത് മുന്നേറ്റം സൃഷ്ടിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.