ന്യൂഡൽഹി: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കായി മാർഗനിർദേശം പുറത്താക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രവാസികൾ 14 ദിവസം നിർബന്ധിത ക്വാറന്റെെനിൽ കഴിയണമെന്ന് കേന്ദ്രം നിർദേശിച്ചു. വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന എല്ലാവരും 14 ദിവസം ക്വാറന്റെെൻ കേന്ദ്രത്തിൽ കഴിയണം. വിശദമായ മാർഗരേഖയാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്.

പ്രവാസികൾക്ക് യാത്ര പുറപ്പെടുന്നതിനു മുൻപ് മെഡിക്കൽ സ്ക്രീനിങ് മാത്രമാണ് നടത്തുക. മെഡിക്കൽ സ്ക്രീനിങ്ങിൽ കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ തുടർ യാത്രയ്‌ക്ക് അനുവദിക്കൂ. യാത്രയിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും സ്വയം ഏറ്റെടുക്കുന്നു എന്ന് എഴുതി നൽകണം. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും യാത്രാ ചുമതല വഹിക്കുന്ന നോഡൽ ഓഫീസർമാർ ഉണ്ടാകും.

Read Also: ഇതര സംസ്ഥാനങ്ങളിൽ നിന്നു മടക്കം: രജിസ്ട്രേഷൻ ജാഗ്രതാ പോർട്ടലില്‍ മാത്രം

ഇവർ ഇന്ത്യയിലെത്തിയാൽ തെർമൽ സ്ക്രീനിങ്ങിനു വിധേയരാക്കും. രോഗലക്ഷണം കണ്ടെത്തുന്നവരെ ചികിത്സയ്‌ക്ക് വിധേയമാക്കും. രോഗലക്ഷണങ്ങളില്ലാത്തവർ അതാത് സംസ്ഥാന സർക്കാരുകൾ സജ്ജമാക്കിയ ക്വാറന്റെെൻ കേന്ദ്രങ്ങളിൽ തങ്ങണം. 14 ദിവസം ക്വാറന്റെെൽ കേന്ദ്രത്തിലായിരിക്കണം. 14 ദിവസം കഴിഞ്ഞ് ഇവർക്ക് കോവിഡ് പരിശോധന നടത്തും. ഫലം നെഗറ്റീവ് ആയാൽ ഇവരെ വീട്ടിലേക്ക് അയക്കും. വീട്ടിലെത്തിയാൽ 14 ദിവസം കൂടി ക്വാറന്റെെനിൽ തുടരണം. വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന എല്ലാ പ്രവാസികളും മൊബെെൽ ഫോണിൽ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം.

കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രി

നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് അവർ പുറപ്പെടുന്ന സ്ഥലങ്ങളിൽവച്ച് തന്നെ കോവിഡ് പരിശോധന നടത്താത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കോവിഡ് പരിശോധനയില്ലാതെ പ്രവാസികളെ തിരികെ എത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറ്റവും അപകടകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഏഴ് ദിവസത്തെ ക്വാറന്റെെൻ നിർബന്ധമാക്കി

കേരളത്തിലെത്തുന്ന പ്രവാസികൾ ആദ്യം സർക്കാർ ക്വാറന്റെെനിൽ പോകണം. ഏഴ് ദിവസം ഇങ്ങനെ ക്വാറന്റെെനിൽ തുടരണം. ആറാം ദിവസം പിസിആർ ടെസ്റ്റ് നടത്തും. തൊട്ടടുത്ത ദിവസം ഫലം വരും. പിസിആർ ടെസ്റ്റ് ഫലം നെഗറ്റീവ് ആകുന്നവരെ വീടുകളിലേക്ക് വിടും. ഇവർ വീടുകളിൽ ക്വാറന്റെെനിൽ തുടരണം. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. പ്രവാസികൾക്ക് ക്വാറന്റെെൻ നിർബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട പ്രതിരോധം; പിണറായിയെ ഫോണിൽ വിളിച്ചു അഭിനന്ദിച്ച് കമൽഹാസൻ

സംസ്ഥാനം നൽകിയ പട്ടിക തള്ളി കേന്ദ്രം

കേരളത്തിൽ തിരിച്ചെത്താൻ സാധ്യതയുള്ള പ്രവാസികൾ 80,000 പേർ മാത്രമെന്ന് സൂചന. എല്ലാവരേയും തിരിച്ചുകൊണ്ടുവരുന്നത് പ്രായോഗികമല്ല. സംസ്ഥാനം നൽകിയ മുൻഗണനാ പട്ടിക കേന്ദ്രം തള്ളിയിട്ടുണ്ട്. കേരളത്തിന്റെ മുന്‍ഗണനാപട്ടികയില്‍ 1,69,133 പേരാണ് ഉള്ളത്. ഇത്രയും പേരെ തിരിച്ചെത്തിക്കാൻ പറ്റില്ലെന്നാണ് കേന്ദ്ര നിലപാട്. പ്രവാസികളെ പരിശോധിക്കാൻ രണ്ട് ലക്ഷം കിറ്റുകൾ തയ്യാറാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. രണ്ടരലക്ഷം കിടക്കകൾ പ്രവാസികൾക്കായി സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook