ന്യൂഡൽഹി: കോവിഡ് -19 വായുവിൽക്കൂടി പകരുന്ന രോഗമാണെന്നതിന് തെളിവുകളില്ലെന്ന് ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ (ഐസിഎംആർ). കോവിഡ് വായുവിലൂടെ പകരുന്ന രോഗമായിരുന്നെങ്കിൽ രോഗബാധിതരുടെ കുടുംബാംഗങ്ങളെ മുഴുവൻ അത് ബാധിക്കുമായിരുന്നെന്ന് ഐസിഎംആർ പകർച്ചവ്യാധി പഠന വിഭാഗം തലവൻ ഡോക്ടർ ആർആർ ഗംഗഖേദ്കർ പറഞ്ഞു. വായുവിലൂടെ രോഗം പകരുകയാണെങ്കിൽ കോവിഡ് ബാധിച്ചവർ കഴിയുന്ന ആശുപത്രികളിലുള്ള എല്ലാവർക്കും രോഗബാധ വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊതുസ്ഥലങ്ങളിൽ പാൻ മസാലയോ സമാനമായ പുകയില ഉൽപന്നങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഐസിഎംആർ നിർദേശിച്ചു. ഗുട്ക, പാൻമസാല, സുപാരി, പുകയില ഉൽപന്നങ്ങൾ എന്നിവ ഉമിനീരിന്റെ ഉൽപാദനം വർധിപ്പിക്കും. അത് കാരണം ഇവ തുപ്പുന്നതിനുള്ള പ്രവണത വർധിക്കും. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് കോവിഡ് വ്യാപനത്തിനുള്ള കാരണമാവുമെന്നും ഐസിഎംആർ വ്യക്തമാക്കി.

Also Read: കോവിഡ്-19: രാജ്യത്ത് രോഗബാധിതർ 3374, മരണസംഖ്യ 79

ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 505 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ  കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3577 ആയി ഉയർന്നു. 83 പേരാണ് രോഗം ബാധിച്ച് മരിച്ചത്.. ഏഴ് കോവിഡ് ബാധിതരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് മരണപ്പെട്ടത്.

കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. അതേസമയം ഇന്ന് ആറുപേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 56 ആയി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 1,58,617 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook