ന്യൂഡൽഹി: കോവിഡ് – 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ അഞ്ച് ലക്ഷം രൂപവരെയുള്ള ആദായ നികുതി റീഫണ്ടുകൾ ഉടൻ കൊടുത്തു തീർക്കാനാരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. 14 ലക്ഷത്തോളം നികുതിദായകർക്ക് ഈ നടപടിയുടെ ഗുണഫലം ലഭിക്കും.

അഞ്ച് ലക്ഷം വരെയുള്ള ജിഎസ് ടി, കസ്റ്റംസ് ഡ്യൂട്ടി ഫണ്ടുകളും പെട്ടെന്ന് ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഭാഗങ്ങളിൽ പെടുന്നവയടക്കം ഒരു ലക്ഷത്തോളം വ്യവസായ സ്ഥാപനങ്ങൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 18,000 കോടിയോളം രൂപയുടെ നികുതി റീഫണ്ടുകൾക്കാണ് കേന്ദ്രം ഇപ്പോൾ അനുമതി നൽകിയത്.
Also Read: കോവിഡ്: 40 കോടി ഇന്ത്യക്കാർ കടുത്ത ദാരിദ്ര്യത്തിലേക്കെന്ന് യുഎൻ ഏജൻസി
അതേസമയം, വ്യക്തിഗത ഇ ഫയലിങ് അക്കൗണ്ട് വിവരങ്ങൾ ചോർന്നുപോവാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നികുതി ദായകരോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിന്റെ സെെബർ സുരക്ഷാ വിഭാഗത്തെ ബന്ധപ്പെടണമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
“നിങ്ങളുടെ ഇ ഫയലിങ് അക്കൗണ്ട് അനധികൃതമായി അരെങ്കിലും ഉപയോഗപ്പെടുത്തിയതായി കാണുന്നുവെങ്കിൽ നിങ്ങൾ സെെബർ കുറ്റകൃത്യത്തിന്റെ ഇരയാവാം. ഇത്തരം സംഭവങ്ങൾ പെട്ടെന്ന് തന്നെ പൊലീസിനെയോ സെെബർ സെക്യൂരിറ്റി അധികൃതരെയോ അറിയിക്കുക.”- ആദായ നികുതി വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. കോവിഡ് ലോക്ക്ഡൗണിനെത്തുടർന്ന് ആദായനികുതിയുമായി ബന്ധപ്പെട്ട ഓൺലെെൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വർധിച്ചതോടെ ഇവയ്ക്ക് നേർക്കുള്ള സെെബർ ആക്രമണ സാധ്യതയും വർധിച്ചതായാണ് വിവരം.
ഈ മാസം 14 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെങ്കിലും അത് ഒറ്റയടിക്ക് പിൻവലിക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ നികുതിയുമായി ബന്ധപ്പെട്ട ഓൺലെെൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വർധിക്കാനാണ് സാധ്യത. ലോക്ക് ഡൗണ് ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി റിപോർട്ടുകളുണ്ട്. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട്. ചർച്ചയിൽ പങ്കെടുത്ത നേതാക്കളിൽ ചിലരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Also Read: Centre to immediately clear all pending income tax refunds up to Rs 5 lakh