ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതോടെ 21 ദിവസത്തെ ലോക്ക്ഡൗൺ നീട്ടണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കും. കേന്ദ്രസർക്കാരും ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. പക്ഷേ വിദഗ്‌ധരുമായുളള ചർച്ചകൾക്കും എല്ലാ വശങ്ങളും പരിഗണിച്ചശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള വീഡിയോ കോൺഫറൻസിൽ ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുത്തിരുന്നു. രോഗം ഏറ്റവും കൂടുതൽ സ്ഥിരീകരിച്ച മഹാരാഷ്ട്രയില ചിലയിടങ്ങളിൽ ലോക്ക്ഡൗൺ അവസാനിച്ചാലും നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കാർഷിക, ഉൽപാദന മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ചില നടപടികൾ സ്വീകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു

ഏപ്രിൽ 10 നു ശേഷമേ ലോക്ക്ഡൗൺ നീട്ടുന്നതു സംബന്ധിച്ച വ്യക്തതയുണ്ടാവൂവെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ”രാജ്യത്താകമാനം രോഗം വ്യാപിച്ചിട്ടില്ല. 284 ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്, അതിനർഥം രാജ്യത്തിന്റെ കാൽഭാഗത്തേക്കും പോലും എത്തിയിട്ടില്ല. അതിനാൽ തന്നെ ഏപ്രിൽ 14 നു ശേഷം രാജ്യത്തിന്റെ 60 ശതമാനം ഭാഗങ്ങളിലും ഇളവുകളുണ്ടാവും. പഴയതുപോലെ അല്ലെങ്കിലും കർശന നിയന്ത്രണങ്ങൾ തുടരില്ല” വൃത്തങ്ങൾ പറഞ്ഞു.

ലോക്ക്ഡൗൺ നീട്ടുമെന്നുളള ഊഹാപോഹങ്ങൾ നീക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗൺ നീട്ടാൻ സാധ്യതയുണ്ടെന്ന വാർത്തകളെ ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ കഴിഞ്ഞയാഴ്ച നിഷേധിച്ചിരുന്നു. സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ചർച്ചകൾക്കുശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. അപ്പോൾ ഈ വിവരം അറിയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Read Also: മൂന്നു മാസത്തെ ലോക്ക്ഡൗണിനുശേഷം വുഹാൻ തുറന്നു; ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

രോഗം ബാധിച്ച ഒരാളിൽനിന്നും 406 പേരിലേക്ക് അണുബാധ പകരാമെന്നാണ് യുഎസ് പഠനത്തെ ഉദ്ധരിച്ച് അഗർവാൾ പറഞ്ഞത്. ലോക്ക്ഡൗണിൽ ഇത് മൂന്നുപേരിലേക്ക് പകരാനുളള സാധ്യതയായി കുറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ നീട്ടുന്നതിനെ അനുകൂലിക്കുന്നതിനിടെ, അടുത്തയാഴ്ച തന്റെ സംസ്ഥാനത്തെ ലോക്ക്ഡൗൺ അവസാനിപ്പിക്കുമെന്ന് പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പിന്നീട് നിയന്ത്രണങ്ങൾ തുടരുമെന്ന് അറിയിച്ചു. മധ്യപ്രദേശിൽ ഇതുവരെ 229 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള അനൗപചാരിക ഗ്രൂപ്പ് മന്ത്രിമാർ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുളള നടപടികൾ ചർച്ച ചെയ്തു. ”വിളവെടുപ്പു കാലമാണ്. അത് സുഗമമായി നടത്തുന്നതിലാണ് ശ്രദ്ധ. കാർഷിക യന്ത്രങ്ങൾക്കും കാർഷിക തൊഴിലാളികൾക്കും കുറച്ച് ഇളവുകൾ നൽകിയിട്ടുണ്ട്. പക്ഷേ, വിവരങ്ങൾ കൃത്യമായി കിട്ടുന്നില്ല, ഇതിനായി ശരിയായി ആശയവിനിമയം നടത്തേണ്ടതുണ്ട്, കൂടാതെ ജോലി വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം,” വൃത്തങ്ങൾ പറഞ്ഞു.

ഡൽഹിയിൽ ചേർന്ന അനൗപചാരിക ഗ്രൂപ്പ് മന്ത്രിമാരുടെ യോഗത്തിൽ അമിത് ഷാ, നിർമല സീതാരാമൻ, ഡി.വി.സദാനന്ദ ഗൗഡ, രാം വിലാസ് പസ്വാൻ എന്നിവരാണ് പങ്കെടുത്തത്. യോഗത്തിലെ തീരുമാനങ്ങൾ രാജ്നാഥ് സിങ് പ്രധാനമന്ത്രിക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

lockdown, ie malayalam

”ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ എടുക്കേണ്ട നടപടികളെക്കുറിച്ച് അനൗപചാരിക ഗ്രൂപ്പ് മന്ത്രിമാരുടെ യോഗത്തിൽ ചർച്ചയായി. ലോക്ക്ഡൗൺ പിൻവലിക്കണോ അതോ നീട്ടണോ എന്നതിൽ പ്രധാനമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇതിലേതു തീരുമാനമായാലും നടപ്പാക്കാൻ ഞങ്ങൾ തയ്യാറാണ്” മന്ത്രിമാർ പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.

Read in English: Centre’s cue: States want longer lockdown

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook