ന്യൂഡൽഹി: കോവിഡ് -19 രോഗവ്യാപനം 40 കോടിയോളം ഇന്ത്യക്കാരെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടാൻ സാധ്യതയുള്ളതായി യുഎൻ റിപോർട്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആഗോള പ്രതിസന്ധിയായ കോവിഡ് വ്യാപനത്തിന്റെ പരിണിത ഫലമായി ഇന്ത്യയിൽ അനൗപചാരിക മേഖലയിലെ (Informal Sector) 40 കോടിയോളം തൊഴിലാളികൾ കടുത്ത ദാരിദ്ര്യത്തിലേക്ക് പോവുന്നതിനുള്ള ഭീഷണി നിലനിൽക്കുന്നതായി യുഎൻ ഏജൻസിയായ അന്താരാഷ്ട്ര തൊഴിൽ സഭയുടെ (ഐഎൽഒ) റിപോർട്ടിൽ പറയുന്നു. 134 കോടിയോളമാണ് ഇന്ത്യയിലെ ആകെ ജനസംഖ്യ. ഇതിൽ മൂന്നിലൊന്നോളം ആളുകളെ കടുത്ത ദാരിദ്ര്യം ബാധിക്കുമെന്നാണ് യുഎന്നിന്റെ റിപോർട്ട് വ്യക്തമാക്കുന്നത്.

ഇപ്പോൾ തന്നെ കോടിക്കണക്കിന് അനൗപചാരിക തൊഴിലാളികളെ കോവിഡ് പ്രതിസന്ധി സാരമായി ബാധിച്ചതായും യുഎൻ റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്താകെ 200 കോടി ആളുകൾ കോവിഡിന്റെ ഫലമായുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. വികസ്വര രാജ്യങ്ങളിലുള്ളവരെയാവും ഇത് കാര്യമായി ബാധിക്കുക.

ലോക്ക്ഡൗണും ബാധിച്ചു

അനാപചാരിക മേഖലകളിൽ ജോലി ചെയ്യുന്നവരെ ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും എത്രത്തോളം ബാധിച്ചുവെന്നും ഐഎൽഒയുടെ റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

“ഇന്ത്യയിൽ 90 ശതമാനം ആളുകളും അനൗപചാരിക സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരാണ്. നിലവിൽ രാജ്യത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അനൗപചാരിക മേഖലകളിലെ തൊഴിലാളികളെ സാരമായി ബാധിച്ചിട്ടുണ്ട്. ധാരാളം തൊഴിലാളികൾ നഗരങ്ങളിൽ നിന്ന് അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായി.”- റിപോർട്ടിൽ പറയുന്നു.

Also Read: ലോക്ക്ഡൗൺ നീട്ടണമെന്ന് സംസ്ഥാനങ്ങൾ; അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് കേന്ദ്രം

അഹമ്മദാബാദിൽ നഗരസഭ വിതരണം ചെയ്യുന്ന ഭക്ഷണത്തിനായി പ്രദേശ വാസികൾ തെരുവിൽ പാത്രങ്ങൾ നിരത്തിവച്ചപ്പോൾ. ഫോട്ടോ: ജാവേദ് രാജ

ലോകത്താകെയുള്ള സാഹചര്യം പരിശോധിക്കുമ്പോൾ രൂക്ഷമായ ദാരിദ്ര്യത്തിന്റെ ഭീഷണി ഏറ്റവും കൂടുതലായി നേരിടുന്നത് അനൗപചാരിക മേഖലകളിൽ നിന്നുള്ള 125 കോടിയോളം തൊഴിലാളികളാണ്. ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതും ശമ്പളം കുറയ്ക്കുന്നതും, ജോലി സമയം കുറയുന്നതുമടക്കമുള്ള കാരണങ്ങൾ തൊഴിലാളികളുടെ പ്രതിസന്ധി രൂക്ഷമാവാൻ കാരണമാവും. കുറഞ്ഞ വേതനമുള്ള, അവിദഗ്ദ്ധ മേഖലയിലുള്ളവർ പെട്ടെന്നുണ്ടായ വരുമാന നഷ്ടത്തെത്തുടർന്നുള്ള രൂക്ഷമായ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും ഐഎൽഒ വ്യക്തമാക്കി.

കൊൽകത്തയിലെ ശ്യാം ബസാറിൽ പെൻഷൻ വാങ്ങുന്നതിനായി പോസ്റ്റ് ഓഫീസിൽ എത്തിയവർ. ഫോട്ടോ:പാർഥ പോൾ

ഒരു രാജ്യം പരാജയപ്പെട്ടാൽ അത് ലോകത്തെ മുഴുവൻ ബാധിക്കും

“ഒരു മഹാദുരന്തത്തെയാണ് തൊഴിലാളികളും വ്യവസായങ്ങളും നേരിടുന്നത്”- ഐഎൽഒ ഡയരക്ടർ ജനറൽ ഗെെ റിഡർ പറയുന്നു.”നമ്മൾ വേഗത്തിൽ പോവേണ്ടതുണ്ട്, കൃത്യമായ തീരുമാനത്തോട് കൂടിയും ഒരുമിച്ചും. ശരിയായ, അടിയന്തിരമായ, നടപടികൾക്ക് തകർച്ചയുടെയും അതിജീവനത്തിന്റെയും ഇടയിൽ മാറ്റമുണ്ടാക്കാനായേക്കാം. “- അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സഹകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടമാണിതെന്നും ഇവിടെ ഒരു രാജ്യം പരാജയപ്പെട്ടാൽ അത് ലോകത്തെ മുഴുവൻ ബാധിക്കുമെന്നും ഐഎൽഒ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു.

Also Read: മൂന്നു മാസത്തെ ലോക്ക്ഡൗണിനുശേഷം വുഹാൻ തുറന്നു; ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

അറബ് രാജ്യങ്ങളിൽ 8.1 ശതമാനം, അഥവാ 50 ലക്ഷം, യൂറോപ്പിൽ 7.8 ശതമാനം അഥവാ 1.2 കോടി, ഏഷ്യാ പസഫിക് മേഖലയിൽ 7.2 ശതമാനം അഥവാ 12.5 കോടി മുഴുവൻ സമയ തൊഴിലാളികൾക്ക് ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതായി യുഎൻ റിപോർട്ടിൽ പറയുന്നു.

ഡൽഹി മെട്രോ പാതകളിൽ ഇലക്ട്രിക് ലെെനുകളിലെ അറ്റകുറ്റപ്പണികളിലേർപ്പെട്ട ഡിഎംആർസി ജീവനക്കാർ. ഫോട്ടോ: താഷി ത്യോഗ്പാൽ

എല്ലാ വരുമാന പരിധിലുള്ളവർക്കും വലിയ നഷ്ടം സംഭവിക്കും.10 കോടിയോളം മുഴുവൻ സമയ ജീവനക്കാർ തൊഴിലെടുക്കുന്ന, മധ്യ ഉപരി വരുമാന പരിധിയിലുള്ള രാജ്യങ്ങളെയാവും സാമ്പത്തിക പ്രത്യാഘാതങ്ങൾ കാര്യമായി ബാധിക്കുക. 2008ലെ സാമ്പത്തിക പ്രതിസന്ധി കാലത്തേതിനേക്കാൾ വലുതായിരിക്കും ഈ നഷ്ടങ്ങളെന്നാണ് കണക്കാക്കുന്നതെന്നും യുഎൻ ഏജൻസിയുടെ റിപോർട്ടിൽ പറയുന്നു.

ഏതൊക്കെ മേഖലകളെ ബാധിക്കും

ഭക്ഷണവും താമസസൗകര്യവുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഉൽപാദനം, ചില്ലറ വ്യാപാരം, വ്യവസായം എന്നീ മേഖലകളെയും ഭരണപരമായ പ്രവർത്തനങ്ങളേയുമായിരിക്കും സാമ്പത്തിക പ്രതിസന്ധി കൂടുതലായി ബാധിക്കുക. 2020ൽ തൊഴിലില്ലായ്മാ നിരക്കിലുണ്ടായ വർധനവിന്റെ സ്വാധീനം വരും കാലങ്ങളിലും തുടരുമെന്നും അത് നയപരമായ നടപടികളെയും ബാധിക്കുമെന്നും ഐഎൽഒ വ്യക്തമാക്കി.

പരിഹാര നിർദേശങ്ങൾ

ബൃഹത്തായതും ഏകീകൃതവുമായ നയപരമായ തീരുമാനങ്ങളിലൂടെയാണ് വരാനിരിക്കുന്ന പ്രതിസന്ധി കെെകാര്യം ചെയ്യേണ്ടതെന്ന് ഐഎൽഒ അഭിപ്രായപ്പെടുന്നു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതും തൊഴിലവസരങ്ങളെ മെച്ചപ്പെടുത്തുന്നതുമായ നടപടികൾ സ്വീകരിക്കണം. വ്യവസായ രംഗത്തിന് പിന്തുണ നൽകുന്നതും തൊഴിലിടങ്ങളിൽ ജീവനക്കാരെ സംരക്ഷിക്കുന്നതുമാവണം നടപടികൾ. സർക്കാരുകൾ, തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവർക്കിടയിൽ നിന്നുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും ഐഎൽഒ നിർദേശിക്കുന്നു.

Read in English: 400 million Indians at risk of sinking into poverty: UN report

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook