ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1800 കവിഞ്ഞു. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം 1868 പേർക്കാണ് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇന്നലെ മാത്രം ചൈനയിൽ 98 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 93ഉം ഹൂബെ പ്രവിശ്യയിലാണ്. ചൈനയിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 72,436 ആയി. 1886 പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നത് ആശ്വാസമാണെങ്കിലും മരണസംഖ്യ ഉയരുന്നത് തിരിച്ചടിയായി തന്നെ തുടരുന്നു. പതിനായിരത്തിലധികം ആളുകൾ രോഗം ഭേദമായി ആശുപത്രി വിട്ടതായും കണക്കുകൾ പറയുന്നു.
ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ചൈനീസ് അധികൃതർക്കൊപ്പം വൈറസിനെ നേരിടാൻ രംഗത്തിറങ്ങി. 12 അംഗ സംഘമാണ് ചൈനയിലുള്ളത്. ബെയ്ജിങ്, ഗുവാങ്ഡോങ്, സിഷ്വാൻ എന്നിവിടങ്ങളിൽ ഇവർ പര്യടനം ആരംഭിച്ചു.
വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ ശക്തമായി തന്നെ തുടരുകയാണ്. ഉപയോഗിച്ച നോട്ടുകളും നാണയങ്ങളും വീണ്ടും വിപണിയിലെത്തു മുന്പ് അണുവിമുക്തമാക്കുന്നുണ്ടെന്ന് ചൈനീസ് സെൻട്രൽ ബാങ്ക് അറിയിച്ചു. ഹുബെ പ്രവിശ്യയിലേക്കുള്ള സഞ്ചാര നിയന്ത്രണം സർക്കാർ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ചൈനയ്ക്ക് സഹായവുമായി ഇന്ത്യൻ വിമാനമെത്തും. മെഡിക്കൽ ഉപകരണങ്ങളുൾപ്പടെയുള്ള വസ്തുക്കളുമായുള്ള പ്രത്യേക വിമാനം ചൈനയിൽ എത്തുമെന്ന് ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്റി അറിയിച്ചു. ഈ വിമാനത്തിന്റെ മടക്ക യാത്രയിൽ ചൈനയിൽ നിന്നു നാട്ടിലേക്കു പോകാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെയും അയൽരാജ്യങ്ങളിലുള്ളവരെയും കൊണ്ടുവരാനും പദ്ധതിയുണ്ട്.