കൊച്ചി: നോവല്‍ കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി ആശുപത്രി വിട്ടു. പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണു വിദ്യാര്‍ഥിനി ആശുപത്രി വിട്ടത്. ഇതോടെ, കേരളത്തില്‍ രോഗം സ്ഥിരീകരിച്ച മൂന്നുപേരെയും ഡിസ്ചാര്‍ജ് ചെയ്തു.

രാജ്യത്തെ ആദ്യ നോവല്‍ കൊറോണ വൈറസ് ബാധിതയാണ് ഇന്ന് ആശുപത്രി വിട്ടത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാഡില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ഥിനി. രണ്ടാമത്തെ ടെസ്റ്റ് ഫലവും നെഗറ്റീവായതോടെയാണു വിദ്യാര്‍ഥിനിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുത്തത്. വിദ്യാര്‍ഥിനിയോട് വീട്ടുനിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഡിസ്ചാര്‍ജ് ചെയ്ത മറ്റു രണ്ടുപേരും വീട്ടുനിരീക്ഷണത്തില്‍ തുടരുകയാണ്.

Read Also: രാത്രി വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണേ…വഴികളിൽ അപകടം പതിയിരിക്കുന്നു

”തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂന്നാമത്തെ രോഗിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച വിദ്യാര്‍ത്ഥിയുടെ രക്തസാമ്പിളിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവാണ്,” ആരോഗ്യമന്ത്രി കെകെ ശൈലജ ഒരു പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

രോഗം പൊട്ടിപ്പുപ്പെട്ട ചൈനയിയെ വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണു തൃശൂര്‍ സ്വദേശിനി. കാസര്‍ഗോഡ്, ആലപ്പുഴ ആശുപത്രികളിലാണു രോഗം ബാധിച്ച മറ്റു രണ്ടുപേരെ പ്രവേശിപ്പിച്ചിരുന്നത്. രോഗബാധിത പ്രദേശങ്ങളില്‍നിന്നു മടങ്ങിയെത്തിയവര്‍ പരിഷ്‌കരിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം നിശ്ചിത കാലയളവുവരെ വീടുകളില്‍ തന്നെ തുടരണമെന്നും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

Read Also: ദുരന്തമെത്തിയത് ഉറക്കത്തിനിടെ; അവിനാശി അപകട ചിത്രങ്ങൾ

സംസ്ഥാനത്ത് ആകെ 914 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 907 പേര്‍ വീട്ടുനിരീക്ഷണത്തിലാണ്. വൈറസ്് ബാധിച്ചതായി സംശയിക്കുന്ന ഏഴു പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. വീട്ടുനിരീക്ഷണത്തില്‍ 28 ദിവസം ചെലവഴിച്ചവര്‍ സുരക്ഷാ കാലയളവ് പൂര്‍ത്തിയായതായി സ്ഥിരീകരിക്കാന്‍ പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയോ ആശുപത്രിയിലെയോ ഡോക്ടര്‍മാരുമായി ബന്ധപ്പെടണം. വൈറസിന്റെ ഇന്‍കുബേഷന്‍ കാലാവധി 14 ദിവസമാണെങ്കിലും കൂടുത്യ സുരക്ഷയ്ക്കായി 28 ദിവസമാണു കുറഞ്ഞ നിരീക്ഷണ കാലയളവായി സംസ്ഥാന ആരോഗ്യ വകുപ്പ് പരിഗണിക്കുന്നത്.

മൂന്ന് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കൊറോണയെ സംസ്ഥാന ദുരന്തമായി ഈ മാസം ആദ്യം കേരളം പ്രഖ്യാപിച്ചിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നു കണ്ട് ഇതു പിന്നീട് പിന്‍വലിച്ചു.

വുഹാന്‍ ഉള്‍പ്പെടുന്ന ചൈനയിലെ ഹുബെ പ്രവിശ്യയില്‍ കൊറോണ വൈറസ് ബാധിച്ച് രണ്ടായിരത്തിലേറപ്പേരാണ് ഇതിനകം മരിച്ചത്. ഇവര്‍ ഉള്‍പ്പെടെ 74,576 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. അതേസമയം, പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook