ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 33 ദിവസത്തിനു ശേഷം പതിനായിരം കടന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കഴിഞ്ഞയാഴ്ച പ്രതിദിനം ശരാശരി 8,000 കേസുകളാണു റിപ്പോര്‍ട്ട് ചെയ്തതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. 0.92 ശതമാനമാണു മൊത്തം കേസ് പോസിറ്റിവിറ്റി നിരക്ക്.
എട്ട് ജില്ലകളില്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. 14 ജില്ലകളില്‍ ഇത് 5-10 ശതമാനമാണ്. കോവിഡ് -19വ്യാപനത്തെ സൂചിപ്പിക്കുന്ന രാജ്യത്തിന്റെ ആര് നോട്ട് വാല്യു 1.22 ആണ്. ഇത്, വ്യക്തമാക്കുന്നത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നാണ് ലവ് അഗര്‍വാള്‍ പറഞ്ഞു.
രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. 961 പേർക്കാണ് ഇതുവരെ ഒമിക്രോൺ ബാധിച്ചത്. കൂടുതൽ ഡൽഹിയിലാണ്, 263 കേസുകൾ. തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ് (252). 961 കേസുകളിൽ 320 പേർ രോഗമുക്തി നേടുകയോ അല്ലെങ്കിൽ ഡിസ്ചാർജ് ആവുകയോ ചെയ്തിട്ടുണ്ട്.
പഞ്ചാബിൽ ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തതായി ഉപമുഖ്യമന്ത്രി ഒ.പി.സോനി അറിയിച്ചു. ഡിസംബർ നാലിന് സ്പെയിനിൽ നിന്നെത്തിയ 36 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കർണാടകയിൽ അഞ്ചുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.
ഡൽഹിയിൽ വിദേശ യാത്രകൾ നടത്താത്തവർക്കും ഒമിക്രോൺ ബാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഇത് സംസ്ഥാനത്ത് ഒമിക്രോൺ ക്രമേണ പടരുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പരിശോധിച്ച 115 സാമ്പിളുകൾ 46 എണ്ണവും ഒമിക്രോൺ പോസിറ്റീവ് ആയതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 13,154 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 82,402 ആയി. മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ദിനംപ്രതി ഉയരുകയാണ്. 3,900 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തന്നെ മുംബൈയിലാണ് കൂടുതൽ കേസുകൾ. 2,510 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.
Read More: ഒമിക്രോൺ ബാധിച്ചവർക്ക് ഡെൽറ്റ വകഭേദത്തിനെതിരെ പ്രതിരോധ ശേഷി ലഭിക്കുമെന്ന് പഠനം