ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് പ്രതിദിന ടെസ്റ്റുകൾ കൂട്ടാൻ കേന്ദ്രസർക്കാർ നീക്കം. 15,000 ത്തിൽനിന്നും ഒരു ലക്ഷമാക്കി മാറ്റാനാണ് പദ്ധതിയിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഏപ്രിൽ 30 ഓടെ 300 ടെസ്റ്റിങ് ലബോറട്ടറികൾ സ്ഥാപിക്കാനും സർക്കാർ പദ്ധതിയുണ്ട്. ജനുവരി 31 ന് ഒരു ടെസ്റ്റിങ് ലബോറട്ടറിയിൽനിന്നും ഏപ്രിൽ ആയപ്പോഴേക്കും 220 എണ്ണമായി കൂട്ടിയെന്നും, 80 ലബോറട്ടറികൾ കൂടി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം സർക്കാരിനെ അറിയിച്ചിരുന്നു. കോംപൗണ്ട് ഗ്രോത്ത് റേറ്റ് (അഞ്ചു ദിവസത്തെ കണക്കുകൾ) പല സംസ്ഥാനങ്ങളിലും കുറഞ്ഞിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

രാജസ്ഥാനിൽ സിജിആർ മാർച്ച് 20 ന് 33.6 ശതമാനമായിരുന്നത് ഏപ്രിൽ 10 ആയപ്പോഴേക്കും 21 ശതമാനമായി കുറഞ്ഞു. തെലങ്കാനയിൽ സിജിആർ ഈ കാലയളവിൽ 4.5 ശതമാനത്തിൽനിന്നും 24.5 ശതമാനമാവുകയും കേരളത്തിൽ 4.9 ശതമാനമത്തിൽനിന്നും 3.9 ശതമാനമായി കുറയുകയും ചെയ്തു.

Read Also: Covid-19 Live Updates: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു

അതേസമയം, മറ്റു ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ കാലയളവിൽ സിജിആർ ഉയരുകയും ചെയ്തു. പഞ്ചാബിൽ 14.9% ൽനിന്നും 20.2% ആയും, ഉത്തർപ്രദേശിൽ 12.1% നിന്നും 19.9% ആയും, ജമ്മു ആൻഡ് കശ്മീരിൽ 14.9% നിന്നും 19.7% ആയും ഉയർന്നു.

ഏപ്രിൽ 10 വരെ 142 ഹോട്ട്സ്‌പോട്ടുകളാണ് സർക്കാരിന്റെ ലിസ്റ്റിലുളളത്. ഇതിൽ തന്നെ 60 ഓളം ജില്ലകളിൽ 15 കേസുകളിലധികം വീതമുണ്ട്. 82 ജില്ലകളിൽ 15 കേസുകളിൽ താഴെയാണ്.

75 ലബോറട്ടറികളിൽ പ്രതിദിനം 1,200 ടെസ്റ്റുകൾ വീതമാണ് നടത്തിയിരുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. മാർച്ച് 20 വരെ 15,000 ടെസ്റ്റുകളാണ് നടത്തിയത്. എന്നാൽ പിന്നീട് 190 ലബോറട്ടറികളിലായി പ്രതിദിനം 7,800 ടെസ്റ്റുകൾ നടത്തി. ഏപ്രിൽ 2 ആയപ്പോഴേക്കും 77,000 ടെസ്റ്റുകൾ നടത്തി. ഇപ്പോൾ പ്രതിദിനം 15,000 ടെസ്റ്റുകൾ വീതം നടത്തുന്നുണ്ട്. ഏപ്രിൽ 10 വരെ 1.6 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്.

ജനുവരി 30 മുതൽ, രാജ്യത്ത് ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തപ്പോഴാണ് സർക്കാർ ടെസ്റ്റിങ്ങിൽ മാറ്റം വരുത്തിയത്. ജനുവരി 31 വരെ വിദേശ യാത്രക്കാരെ മാത്രമാണ് സ്ക്രീനിങ് ചെയ്തത്. ഏപ്രിൽ 10 ആയപ്പോഴേക്കും ക്ലസ്റ്ററുകളും ആന്റിബോഡി പരിശോധനകളും സർക്കാർ ഉൾപ്പെടുത്തി.

ഇപ്പോൾ രാജ്യത്താകമാനമായി 586 കോവിഡ്-19 ആശുപത്രികളാണ് പ്രവർത്തിക്കുന്നത്. ഇവയിലായി 1.04 ലക്ഷം ഐസൊലേഷൻ ബെഡ്ഡുകളും 11,800 ഐസിയു ബെഡ്ഡുകളും, 6400 വെന്റിലേറ്ററുകളുമുണ്ട്. ഇപ്പോൾ 2.84 ലക്ഷം പേഴ്‌സണൽ പ്രൊട്ടക്ഷൻ ഉപകരണ കിറ്റുകളുണ്ടെന്നും ഏപ്രിൽ 30 ഓടെ 2.7 ലക്ഷം പ്രതീക്ഷിക്കുന്നുവെന്നും സർക്കാർ അറിയിച്ചു. 28.52 ലക്ഷം എൻ95 മാസ്ക്കുകളുണ്ടെന്നും ഈ മാസം അവസാനത്തോടെ 48.52 ലക്ഷം കൂടി പ്രതീക്ഷിക്കുന്നതായും സർക്കാർ പറയുന്നു.

Read in English: Seeing a fall in rise of cases, says govt, plans for 1 lakh tests a day

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook