മുംബൈ: ഓഹരി വിപണിയിലെ ‘കൊറോണ ഭീതി’യില്‍ ഇന്ന് നിക്ഷേപകര്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷം കോടി രൂപ. കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതിനെത്തുടര്‍ന്നുണ്ടായ ഭീതിയില്‍ ലോകമെമ്പാടും ഓഹരി വിപണികളില്‍ ഉണ്ടായ ഇടിവ് ഇന്ത്യയിലും ആവര്‍ത്തിച്ചതോടെ ഇന്ന് സെന്‍സെക്‌സ് ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞിരുന്നു. 1,448 പോയിന്റാണ് സെന്‍സെക്‌സില്‍ ഇടിവുണ്ടായത്. അതേസമയം, നിഫ്റ്റി 431 പോയിന്റും കുറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഒമ്പതിനു വിപണിയുടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ആദ്യ അഞ്ച് മിനിറ്റിൽ തന്നെ മുംബൈ സെന്‍സെക്‌സ് 1000 പോയിന്റിലധികം ഇടിഞ്ഞിരുന്നു. ദേശീയ സൂചികയായ നിഫ്റ്റി 321 പോയിന്റും ഇടിഞ്ഞു. വിപണിയില്‍ വിശ്വാസം നഷ്ടപ്പെട്ട നിക്ഷേപകര്‍ വില്‍പന തുടര്‍ന്നപ്പോള്‍ തിരിച്ച് കയറാനാകാതെ സൂചികകള്‍ ക്ഷീണിച്ചു. രണ്ട് സൂചികകളും 3.6 ശതമാനത്തിലധികമാണ് ഇടിവ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തോളം രാജ്യങ്ങളില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ പ്രധാന സാമ്പത്തിക ശക്തികളായ രാജ്യങ്ങളിലേക്കും വൈറസ് പടര്‍ന്നതാണ് ഓഹരി വിപണികളില്‍ ഭീതി പടര്‍ത്തുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ നൈജീരിയയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു.
Read Also: ഡൽഹി ശാന്തമാകുന്നു; മരണം 38, വെടിയേറ്റത് നൂറോളം പേർക്ക്
ലോകത്തെ ഓഹരി വിപണികള്‍ 2008-ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം ആദ്യമായി ഏറ്റവും മോശം ആഴ്ചയിലൂടെ കടന്ന് പോകുകയാണ്. കൊറോണ വൈറസ് പടരുന്നത് ആഗോള വിപണിയില്‍ മാന്ദ്യത്തിന് കാരണമായേക്കുമെന്ന ഭീതിയില്‍ നിക്ഷേപകര്‍ നഷ്ടമുണ്ടാക്കാന്‍ ഇടയുള്ള ഓഹരികള്‍ വിറ്റൊഴിയുന്നു. ആഗോള സൂചികയായ എംഎസ്‌സിഐ ഈ ആഴ്ചയില്‍ ഇതുവരെ 9.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച 3.3 ശതമാനവും ഇന്ന് 0.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇതിനുമുമ്പ് സമാനമായ നഷ്ടമുണ്ടായത് 2008 നവംബറിലാണ്. 9.8 ശതമാനം ഇടിവ്.
അമേരിക്കയില്‍ വാള്‍ സ്ട്രീറ്റില്‍ എസ് ആൻഡ് പി 500 വ്യാഴാഴ്ച 4.42 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഏഷ്യന്‍ ഓഹരി വിപണികളും നഷ്ടത്തിലാണ്. ജപ്പാന്റെ നിക്കി നാല് ശതമാനവും കൊറോണ വൈറസ് ബാധയുടെ കേന്ദ്രമായ ചൈനയിലെ സിഎസ്‌ഐ 300 സൂചിക 3.4 ശതമാനവും ഇടിഞ്ഞു.
എണ്ണവിലയും കുറയുന്നു. അമേരിക്കയില്‍ ബാരലിന് വില 2.7 ശതമാനം കുറഞ്ഞ് 45.85 ഡോളറായി. ഈ ആഴ്ചയില്‍ 14.1 ശതമാനമാണ് വില കുറഞ്ഞത്. കഴിഞ്ഞ ഒമ്പത് വര്‍ഷ കാലയളവിലെ ഏറ്റവും വലിയ ഇടിവാണിത്.