ന്യൂഡൽഹി: കോവിഡ് പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിക്കുന്നത് കൂട്ടണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം. ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 ആകുമ്പോഴേക്കും 2.5 ലക്ഷം സാംപിളുകൾ ശേഖരിക്കണമെന്നാണ് നിർദേശം.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ വിവരം അറിയിച്ചതെന്ന് ഹരിയാന അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യം) രാജീവ് അറോറ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു. ”ഇതുവരെ രാജ്യത്താകമാനം ഒരു ലക്ഷം സാംപിളുകൾ ശേഖരിച്ചതായി ഞങ്ങൾ അറിയിച്ചു. ഏപ്രിൽ 14 ആകുമ്പോഴേക്കും 2.5 ലക്ഷം സാംപിളുകൾ ശേഖരിക്കണമെന്നായിരുന്നു ആവശ്യം,” അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാത്രി 9 വരെ രാജ്യത്താകമാനം 1,44,910 സാംപിളുകളാണ് പരിശോധിച്ചത്. ഇതിൽ 30,299 സാംപിളുകൾ കോവിഡ് രോഗബാധ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ച (1,135) മഹാരാഷ്ട്രയിൽനിന്നുളളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 156 കേസുകൾ റിപ്പോർട്ട് ചെയ്ത ഹരിയാനയിൽനിന്ന് 2,964 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 2,017 എണ്ണം നെഗറ്റീവായിരുന്നു. 791 എണ്ണം ഫലം ഇനിയും വരാനുണ്ട്.

Read Also: വരാനിരിക്കുന്നത് മഹാ മാന്ദ്യം; മുന്നറിയിപ്പുമായി ഐഎംഎഫ്

വെളളിയാഴ്ച മുതൽ സംസ്ഥാനമൊട്ടാകെ പരിശോധന വർധിപ്പിക്കാൻ ഡോക്ടർമാർക്കും ആരോഗ്യ ജീവനക്കാർക്കും നിർദേശം നൽകിയതായി അറോറ പറഞ്ഞു. ”കേന്ദ്ര സർക്കാർ നിർദേശ പ്രകാരം ഹരിയാനയിൽനിന്നുളള സാംപിൾ ശേഖരണം അടുത്ത ഏതാനും ദിവസങ്ങൾക്കുളളിൽ ഇരട്ടിയാക്കും. വ്യാഴാഴ്ച വരെ 3,000 ത്തോളം സാംപിളുകളാണ് ശേഖരിച്ചത്, അടുത്ത അഞ്ചോ-ആറോ ദിവസങ്ങൾക്കുളളിൽ ഇത് 7,000-7,500 വരെയാക്കും.”

ഗുരുഗ്രാം, നുഹ്, പാൽവൽ, ഫരീദാബാദ് അടക്കമുളള ഹരിയാനയിലെ ഓരോ ഹോട്ട്സ്‌പോട്ടുകളിലും 450 സാംപിളുകൾ പരിശോധിച്ചുവെന്ന് അറോറ പറഞ്ഞു. മറ്റുളള ഓരോ പ്രദേശങ്ങളിൽനിന്നും 125 സാംപിളുകൾ വീതം പരിശോധിച്ചിട്ടുണ്ട്. പഞ്ച്ഗുള, പാനിപട്, അംബാല എന്നിവിടങ്ങളിൽനിന്നും കുറച്ചധികം സാംപിളുകൾ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു.

മാർച്ച് വരെ 750-800 സാംപിളുകളാണ് ശേഖരിച്ചത്. എന്നാൽ കഴിഞ്ഞ ഏഴു ദിവസം കൊണ്ട് ഇത് 3,000 സാംപിളുകളായി. ഇപ്പോൾ പ്രതിദിനം 400 ഓളം സാംപിളുകൾ ശേഖരിക്കുന്നുണ്ട്. ഡൽഹിയിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനം കണക്കിലെടുത്ത്, ഞങ്ങൾ മുഴുവൻ ഗ്രൂപ്പുകളുടെയും (ഹരിയാന) സാംപിൾ ശേഖരിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവരെല്ലാം ക്വാറന്റൈനിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാനയിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത മൂന്നു കേസുകളിൽ രണ്ടെണ്ണം തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടതാണ്. മൂന്നാമത്തെ കേസ് കൈതലിൽനിന്നുളള ഒൻപതു വയസുളള ആൺകുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Read in English: Double testing samples, new target 2.5 lakh by April 14: Centre to states

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook