ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 908 പേർക്കാണ് ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് ജീവൻ നഷ്ടമായത്. ചൈനയിലെ ഹുബൈ പ്രവിശ്യയിൽ മാത്രം 91 പേരാണ് ഇന്നലെ മരണപ്പെട്ടത്. വൈറസ് ബാധിച്ചവരുടെ എണ്ണത്തിലും വലിയ വർധനവാണ് ദിവസംതോറും രേഖപ്പെടുത്തുന്നത്. രണ്ടായിരത്തിലധികം ആളുകൾക്ക് ഇന്നലെ ചൈനയിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകത്താകെ വൈറസ് ബാധിച്ചവരുടെ എണ്ണം 40000 കടന്നു.

മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം ചൈനയിലെത്തും. വൈറസ് നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളും ചികിത്സയും ശക്തമാണെങ്കിലും മരണസംഖ്യ ഉയരുന്നത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.

Also Read: കൊറോണ: വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച വിദ്യാർഥിയുടെ രണ്ടാം ഫലം നെഗറ്റീവ്

അതേസമയം കേരളത്തിൽ കൊറോണ വൈറസ് നിയന്ത്രണവിധേയമാണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ച വിദ്യാർഥിയുടെ ഏറ്റവും പുതിയ പരിശോധന ഫലം നെഗറ്റീവാണ്. രണ്ടാം പരിശോധന ഫലമാണ് നെഗറ്റീവായത്. ഈ മാസം ആറിന് അയച്ച സാമ്പിളിന്‍റെ പരിശോധനാഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്.

Also Read: കലാശപോരാട്ടത്തിന് ശേഷം കയ്യാങ്കളി; മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ-ബംഗ്ലാദേശ് താരങ്ങൾ

എന്നാൽ സംസ്ഥാനത്ത് 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ വിമുക്തമാവൂ എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമാക്കാന്‍ സാധ്യമായിട്ടുണ്ടെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 3144 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 45 പേരാണ് ആശുപത്രികളിലുളളത്.

Also Read: കൂടത്തായി: അന്നമ്മ കൊലപാതക കേസിൽ ജോളിക്കെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും

നേരത്തെ കൊറോണ വൈറസ് ബാധയിൽ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് കത്തയച്ചു. വൈറസ് ബാധ തടയാന്‍ ഏതുവിധത്തിലുള്ള സഹായവും നല്‍കാമെന്നാണ് വാഗ്ദാനം. അമേരിക്കയും ചൈനയ്ക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നുണ്ട്. കൊറോണയ്ക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook