ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1700 കവിഞ്ഞു. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം 1765 പേർക്കാണ് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഹുബെ പ്രവിശ്യയിൽ മാത്രം ഞായറാഴ്ച 105 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ചൈനയിൽ 70,500 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസം കുറഞ്ഞതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച 2009ഉം ശനിയാഴ്ച 2641ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായാണ് കണക്കുകൾ പറയുന്നത്.

വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ ശക്തമായി തന്നെ തുടരുകയാണ്. ഉപയോഗിച്ച നോട്ടുകളും നാണയങ്ങളും വീണ്ടും വിപണിയിലെത്തു മുന്പ് അണുവിമുക്തമാക്കുന്നുണ്ടെന്ന് ചൈനീസ് സെൻട്രൽ ബാങ്ക് അറിയിച്ചു. ഹുബെ പ്രവിശ്യയിലേക്കുള്ള സഞ്ചാര നിയന്ത്രണം സർക്കാർ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

കൊറോണ ഭീതിയെ തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരുന്ന ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ അമേരിക്കൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങി. പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലേക്ക് അയച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ വൈറസ് ബാധയെ തുടർന്ന് കപ്പൽ ജപ്പാൻ തീരത്ത് നങ്കൂരമിട്ടത്.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധ സ്ഥിരീകരിച്ചതും ഈ കപ്പലിൽ തന്നെയാണ്. 3000 യാത്രക്കാരും ആയിരത്തോളം ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 355 പേർക്കാണ കൊറോണ സ്ഥിരീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook