ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 500 കടന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 563 പേർക്കാണ് കൊറോണ വൈറസ് ബാധയിൽ ജിവൻ നഷ്ടമായത്. ചൈനയിൽ മാത്രം വൈറസ് ബാധിച്ചവരുടെ എണ്ണം 28,000 ആയി ഉയർന്നു. ഇതിൽ മൂവായിരത്തിലധികം ആളുകളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പുതിയതായി 3694 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ത്യ അടക്കം 25 രാജ്യങ്ങളിലാണ് നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് ഹോങ് കോങ്ങിലും ഫിലീപ്പീയൻസിലും ഓരോ മരണവും കൊറോണ വൈറസ് മൂലം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജപ്പാനിലാണ് ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ചെെനയിൽ നിന്ന് കേരളത്തിൽ എത്തിയ മൂന്ന് വിദ്യാർഥിനികൾക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. കേരളത്തിൽ വിവിധ ജില്ലകളിലായി 2528 പേരാണ് നിരീക്ഷണത്തിലുള്ളത്.

മാർച്ച് 31 വരെയോ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയോ പഠന, വിനോദയാത്രകൾ ഒഴിവാക്കണമെന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സർക്കുലർ. ആരാധനാലയങ്ങളിലെ ആചാരങ്ങളിൽ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ വേണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook