വാഷിങ്ടൺ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപകമായി പടർന്നുപിടിക്കുകയാണ്. കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞിരിക്കുകയാണ്. ആകെ 4,016 പേർക്കാണ് ജീവൻ നഷ്ടമായത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടിരിക്കുന്നത്. 3136 പേരാണ് ചൈനയിൽ മാത്രം മരിച്ചത്.

ഇറ്റലിയാണ് കൊറോണ വൈറസ് ഏറെ ബാധിച്ച മറ്റൊരു രാജ്യം. അതിവേഗം കൊറോണ പടർന്ന് പിടിച്ചതോടെ 463 പേർക്ക് ഇറ്റലിയിൽ ജീവൻ നഷ്ടടമായി. ഇറാനിൽ 237, ദക്ഷിണ കൊറിയയിൽ 51, യുഎസിൽ 26 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണ നിരക്കുകൾ.

Read Also: കൊറോണക്കാലത്തെ ഇറ്റലി ജീവിതം

100 ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിൽ 600 ലധികം ആളുകളിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആറ് അമേരിക്കൻ പാർലമെന്റ് അംഗങ്ങളും നിരീക്ഷണത്തിലാണ്. അഞ്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും ഒരു ഡെമോക്രാറ്റ് അംഗവുമാണ് പൊതുപരിപാടികള്‍ റദ്ദാക്കിയത്.

ഇന്ത്യയിൽ 43 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ജമ്മു കശ്മീർ, ന്യൂഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ നാലുപേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കേരളത്തിൽ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് പേർ പത്തനംതിട്ടയിലും ഒരാൾ കൊച്ചിയിലും ചികിത്സയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook