ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1600 കടന്നു. ഹ്യൂബെ പ്രവിശ്യയിൽ ഇന്നലെ 139 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 68,000 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ മരണസംഖ്യ ഉയരുന്നതിൽ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് രോഗം പടരുന്നതാണ് ഇപ്പോള്‍ ചൈനയെ വലയ്ക്കുന്നത്. 1700 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ആറു മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ മൂലം ഇതുവരെ ചൈനയില്‍ മരിച്ചത്. മെഡിക്കല്‍ ജീവനക്കാര്‍ക്ക് സുരക്ഷയ്ക്കായി മാസ്‌കുകളും മറ്റും നല്‍കുന്നതില്‍ ലോക്കല്‍ അതോറിറ്റികള്‍ പരാജയപ്പെട്ടെന്നും ആരോപണമുണ്ട്.

കൊറോണ ബാധിച്ച് ഫ്രാന്‍സില്‍ ചൈനീസ് വിനോദ സഞ്ചാരി മരിച്ചു. ഏഷ്യക്ക് പുറത്ത്, കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്നസ് ബസിന്‍ അറിയിച്ചു. ചൈനയ്ക്ക് പുറത്ത് ഹോങ്കോങ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലും ഒരോരുത്തര്‍ മരിച്ചിരുന്നു.

കേരളത്തിൽ കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങൾ ശക്തമായി തന്നെ മുന്നോട്ടുപോകുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേരിൽ രോഗം ഭേദമായി ഇന്ന് രണ്ടാമത്തെയാളും വീട്ടിലേക്ക് മടങ്ങും. നേരത്തെ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ കനത്ത ജാഗ്രതയിൽ തന്നെയാണ് സംസ്ഥാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook