ബെയ്‌ജിങ്: കൊറോണ വെെറസ് ബാധയെ തുടർന്ന് ചെെനയിൽ മരിച്ചവരുടെ എണ്ണം 490 ആയി. 28 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കൊറോണ ബാധയെ തുടർന്നുള്ള ആകെ മരണം 492 ആയി. ഇതുവരെ 24,552 കേസുകളാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 3,223 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. 907 പേർ അടിയന്തര സാഹചര്യം മറികടന്നതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ ദിവസം ചെെനയിൽ കൊറോണ ബാധയെ തുടർന്ന് 65 പേർ മരിച്ചു. 3,886 പുതിയ കേസുകളാണ് ചെെനയിൽ ഇന്നലെ റിപ്പോർട്ട് ചെയ്‌തത്. ജപ്പാനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്‌തത് 13 പുതിയ കേസുകളാണ്.

അതേസമയം, ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ചെെനയിൽ നിന്ന് കേരളത്തിൽ എത്തിയ മൂന്ന് വിദ്യാർഥിനികൾക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

Read Also: Horoscope Today February 05, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും കൊറോണയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ കഴിഞ്ഞ ദിവസം പറഞ്ഞു. ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ചെെനയിൽ നിന്നെത്തിയവർക്ക് കർശന നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകുന്നത്. ചെെനയിൽ നിന്നു നാട്ടിലെത്തിയവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ സമീപിക്കണം. അവർ നിരീക്ഷണത്തിലായിരിക്കണം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ല. ചെെനയിൽ നിന്നെത്തിയവർ പൊതു പരിപാടികൾക്ക് യാതൊരു കാരണവശാലും പോകരുത്. കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ചിലപ്പോൾ വെെറസ് ശരീരത്തിൽ ഉണ്ടായെന്ന് വരാം. വേണ്ടത്ര നിരീക്ഷണങ്ങൾക്ക് ശേഷമേ അത് പറയാൻ സാധിക്കൂ. അതുകൊണ്ട് ചെെനയിൽ നിന്നെത്തിയവർ അതീവ ജാഗ്രത പുലർത്തണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook