ന്യൂഡൽഹി: കൊറോണ വെെറസ് ബാധയെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 3,600 ആയി. ഇന്ത്യയിൽ ഇതുവരെ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇന്ത്യയിലെ ശക്‌തമായ പ്രതിരോധ നടപടികളാണ് കൊറോണ വെെറസിനെ പിടിച്ചുനിർത്തുന്നത്. ലോകത്ത് ഇതുവരെയുള്ള കൊറോണ ബാധിതരുടെ എണ്ണം 106,193 ആയി ഉയർന്നു. ഇതിൽ, 60,190 പേർ രോഗവിമുക്‌തരായിട്ടുണ്ട്.

ചെെനയിൽ കൊറോണ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ മരിച്ചത് 3,097 പേരാണ്. ചെെനയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 80,696 ആയി. 45 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ 233 പേരും ഇറാനിൽ 145 പേരും കൊറോണ ബാധിച്ച് മരിച്ചു. ദക്ഷിണ കൊറിയയിൽ 50 പേർ മരിച്ചു.

ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 34 ആയി. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികള്‍ വിലയിരുത്തി. മതിയായ ക്വാറന്റെന്‍ സൗകര്യം ഏര്‍പ്പെടത്താനാവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. രോഗം കൂടുതലായി പകരുന്ന സാഹചര്യമുണ്ടായില്‍ തീവ്രപരിചരണത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

രോഗത്തിനെതിരെ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനായി എല്ലാ വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയെ ഉദ്ധരിച്ചുള്ള ഔദ്യോഗിക പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വൈറസ് പടരുന്നതു തടയാന്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു വിവിധ വകുപ്പുകളെ അഭിനന്ദിച്ച പ്രധാനമന്ത്രി, വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് ജനങ്ങള്‍ കൂടിച്ചേരുന്നതു പരമാവധി ഒഴിവാക്കാന്‍ ഉപദേശിക്കണമെന്നു നിര്‍ദേശിച്ചു. വൈറസ് ബാധ പടരുന്നതു തടയാന്‍ വിപുലമായതും മതിയായതുമായ ആസൂത്രണത്തിന്റെയും സമയബന്ധിതമായ പ്രതികരണത്തിന്റെയും ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.

വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, രാജ്യാതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത, പ്രോട്ടോ കോള്‍ അനുസരിച്ചുള്ള കമ്യൂണിറ്റി തലത്തിലുള്ള നിരീക്ഷണം, ക്വാറന്റൈന്‍ സംവിധാനത്തിനു മതിയായ കിടക്കകളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

അതിനിടെ, കൊറോണ വൈറസ് ബാധയുണ്ടെന്നു സംശയിക്കുന്ന 300 ഇന്ത്യക്കാരുടെ രക്തസാമ്പിളുകളുമായി ഇറാനില്‍നിന്ന് ഇന്നലെ വിമാനമെത്തി. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് എത്തിച്ച രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായിപൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) ലേക്കു പരിശോധനയ്ക്കായി കൊണ്ടുപോകും. ഈ പരിശോധനയില്‍ ഫലം നെഗറ്റീവ് ആകുന്നവരെ രാജ്യത്തേക്കു വരാന്‍ അനുവദിക്കും. നിലവില്‍ രണ്ടായിരത്തോളം ഇന്ത്യക്കാര്‍ ഇറാനിലുണ്ട്. മഹന്‍ എയര്‍ സര്‍വീസ് വിമാനത്തിന്റെ മടക്കയാത്രയില്‍ ഇന്ത്യയിലുള്ള ഇറാനികളെ കൊണ്ടുപോകും.

രാജ്യത്ത് ഇന്നലെ നാലുപേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ഇറാനിലേക്കു യാത്ര ചെയ്ത ലഡാക്കില്‍നിന്നുള്ളവരാണ്. ഒരാള്‍ ഒമാനിലേക്കു യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശിയും മറ്റൊരാള്‍ മലേഷ്യയിലേക്കു യാത്ര ഡല്‍ഹി സ്വദേശിയുമാണ്. രാജ്യത്ത് ആദ്യമായി കേരളത്തിലാണു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരിയില്‍ ചൈനയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കാണു രോഗം കണ്ടെത്തിയത്. തൃശൂര്‍, ആലപ്പുഴ, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന ഇവര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

Read Also: Horoscope of the week (March 08-March 14, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

നിലവില്‍ സംസ്ഥാനത്ത് 637 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 574പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്ന 20 പേരെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കി. രോഗമുണ്ടെന്നു സംശയിക്കുന്നവരുടെ 682 സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജയില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 616 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

കര്‍ണാടകയില്‍ 789 പേരാണു നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ 251 പേര്‍ 28 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 525 പേര്‍ വീട്ടനിരീക്ഷണത്തില്‍ തുടരുകയാണ്. ഇവരില്‍ കോവിഡ്-19 ബാധിത രാജ്യങ്ങളിലേക്കു പോയവരും വൈറസ് ബാധിച്ചവരുമായി ബന്ധമുള്ളവരുമുണ്ട്. സംസ്ഥാനത്തെ വിമാനത്താവളത്തിലും ആശുപത്രികളിലും നിരീക്ഷണത്തിനായി മെഡിക്കല്‍ വിദ്യാര്‍ഥികളെ നിയോഗിച്ചു.

തെലങ്കാനയില്‍ വൈറസ് ബാധിച്ചെന്നു സംശയിക്കുന്നവരുടെ എണ്ണം 676 ആയി. ഇവരില്‍ 429 പേരും രോഗലക്ഷണങ്ങളില്ലാത്തവരും വീടുകളില്‍ കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമാണ്. രോഗലക്ഷണങ്ങളുള്ള 247 പേരില്‍ ഒരാള്‍ക്കു മാത്രമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ദുബായിലേക്കു സഞ്ചരിച്ചയാളാണെന്നാണു വിവരം. 232 പേരുടെയും ഫലം നെഗറ്റീവാണ്. 14 സാമ്പിളുകളുടെ ഫലം ലഭ്യമായിട്ടില്ല. ആര്‍ജിഐ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഡെസ്‌കില്‍ വെള്ളിയാഴ്ച 4,656 യാത്രക്കാരെ താപ പരിശോധനയ്ക്കു വിധേയമാക്കി. ഇവിടെ ഇതുവരെ 31,763 യാത്രക്കാരെ പരിശോധിച്ചു.

ജമ്മു കശ്മീരില്‍ വൈറസ് ബാധിച്ചതെന്നു സംശയിക്കുന്ന രണ്ടു കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇവരിലൊരാള്‍ ഇറ്റലിയിലേക്കും മറ്റൊരാള്‍ ദക്ഷിണ കൊറിയയിലേക്കും യാത്ര ചെയ്തു. ഇവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ക്വാറന്റൈനിലേക്കു മാറ്റി. ഡല്‍ഹി എയിംസിലേക്ക് അയച്ച ഇവരുടെ സാമ്പിളുകളുടെ പ്രാഥമിക റിപ്പോര്‍ട്ട് പോസിറ്റീവാണ്.

തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ കശ്മീരിലെ നാലു ജില്ലകളിലെ മുഴുവന്‍ പ്രൈമറി സ്‌കൂകളും അടച്ചിടാന്‍ തീരുമാനിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ശ്രീനഗര്‍, ബാരമുള്ള, ബന്ദിപൊര, ബുദ്ഗാമം ജില്ലകളിലെ പ്രാഥമിക വിദ്യാലയങ്ങള്‍ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായി ഡിവിഷണല്‍ കമ്മിഷണര്‍ ബഷീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. ജമ്മു കശ്മീരിലെ ബയോമെട്രിക് ഹാജര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ആഗ്രയില്‍, ഡല്‍ഹിയില്‍നിന്നുള്ള ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറു പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്. ഇവരെ കൂടാതെ, രാജസ്ഥാന്‍ സന്ദര്‍ശിച്ച 16 ഇറ്റാലിയന്‍ വിനോദസഞ്ചാരികളുടെയും അവരുടെ ഇന്ത്യക്കാരനായ ഡ്രൈവറുടെയും പരിശോധനാ ഫലം പോസിറ്റീവാണ്. ഇവര്‍ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒന്‍പതിനു നടത്താനിരുന്ന ‘ഹോളി മിലന്‍’ പരിപാടി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ റദ്ദാക്കി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അഭ്യര്‍ഥിച്ചിരുന്നു. ത്രിപുരയില്‍ ഇന്തോ-ബംഗ്ലാ അതിര്‍ത്തിയില്‍ നിരീക്ഷണവും പരിശോധനാ നടപടികളും ശക്തമാക്കിയിട്ടുണ്ട്. മുഴുവന്‍ രാജ്യാന്തര യാത്രക്കാരെയും അവരുടെ ദേശീയത പരിഗണിക്കാതെ വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കും. 21 വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന പരിശോധന ഒന്‍പത് എണ്ണത്തില്‍ കൂടി ഏര്‍പ്പെടുത്തി.

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍, മാര്‍ച്ച് 31 വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങുകളുടെ റദ്ദാക്കലിനും പുനഃക്രമീകരണത്തിനുള്ള നിരക്കുകള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഒഴിവാക്കി. മാര്‍ച്ച് 12നും 31നും ഇടയില്‍ നിലവിലുള്ളതും പുതിയതുമായ ആഭ്യന്തര, രാജ്യാന്തര ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ നിരക്ക് ഈടാക്കില്ല. ഇതേ കാലയളവില്‍ ടിക്കറ്റുകള്‍ മറ്റൊരു തീയതിയിലേക്കു പുനഃക്രമീകരിക്കാന്‍ ഫീസ് ഈടാക്കില്ലെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook