വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. തുടർച്ചയായി മൂന്നാം ദിനവും മാർപാപ്പ പൊതുപരിപാടികൾ ഒഴിവാക്കി. മാർപാപ്പ സ്വവസതിയിൽ വിശ്രമത്തിലാണ്. വിഭൂതി ബുധനാഴ്‌ചയാണ് അവസാനമായി മാർപാപ്പ പൊതുപരിപാടിയിൽ പങ്കെടുക്കുകയും വിശ്വാസികളെ കാണുകയും ചെയ്‌തത്.
കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ ജാഗ്രത തുടരുകയാണ്. മാർപാപ്പയ്‌ക്ക് കനത്ത ജലദോഷവും ചുമയുമുണ്ട്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ മാർപാപ്പയുടെ ആനാരോഗ്യം വലിയ ആശങ്ക പരത്തിയിരുന്നു. എന്നാൽ, ചില ആരോഗ്യപ്രശ്‌നങ്ങൾ എന്നു മാത്രമാണ് വത്തിക്കാൻ റിപ്പോർട്ട് ചെയ്യുന്നത്.
Read Also: ഭയം, ആശങ്ക; കൊറോണ ബാധിച്ച് അമേരിക്കയിൽ ഒരു മരണം
മാർപാപ്പയ്‌ക്ക് കൊറോണ വെെറസ് ബാധയാണോ എന്നു ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, സമൂഹമാധ്യമങ്ങളിൽ അത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. പോപ് ഫ്രാൻസിസ് മാർപാപ്പയായി ചുമതലയേറ്റ ശേഷം കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഇതുവരെ ഇത്രയും ദിവസം പൊതുപരിപാടികൾ പങ്കെടുക്കാതിരുന്നിട്ടില്ല. ആദ്യമായാണ് തുടർച്ചയായി മാർപാപ്പ പൊതുപരിപാടികൾ ഒഴിവാക്കുന്നത്. ഇത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ഇറ്റലിയിൽ കൊറോണ ബാധ രൂക്ഷമായ ദിവസമാണ് പോപ്പ് ഫ്രാൻസിസ് പൊതുപരിപാടികളിൽ പങ്കെടുത്തത്. അന്നേദിവസം വിശുദ്ധ കുർബാനയ്‌ക്കിടെ വിശ്വാസികളെ ഹസ്‌തദാനം ചെയ്‌തിരുന്നു. മാസ്‌ക് ധരിക്കാതെയാണ് അന്നത്തെ ദിവ്യബലിയിൽ പോപ്പ് ഫ്രാൻസിസ് പങ്കെടുത്തത്. ഒരു കുട്ടിയുടെ മുഖത്ത് മാർപാപ്പ ചുംബിക്കുകയും ചെയ്‌തിരുന്നു.
Read Also: Horoscope of the week (March 01-March 07, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
ചെറിയ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ 83കാരനായ മാർപാപ്പ വിശ്രമത്തിലാണെന്ന് വത്തിക്കാന്‍ വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു. കൊറോണ വൈറസ് ബാധ പരക്കുന്നതിനിടെ മാര്‍പാപ്പയ്ക്കുണ്ടായ അനാരോഗ്യം ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂ യോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
വത്തിക്കാനിലെ സാന്റാ മർത്താ ഹോട്ടലിലാണ് മാർപാപ്പ താമസിക്കുന്നത്. ഇവിടെവച്ച് സ്വകാര്യമായി ദിവ്യബലി അർപ്പിക്കുകയും ഓഫീസ് കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നതായി വത്തിക്കാൻ അറിയിച്ചു. ബുധനാഴ്‌ചയിലെ ദിവ്യബലിക്കിടെ ഫ്രാൻസിസ് പാപ്പ ചുമയ്‌ക്കുകയും അടിയ്‌ക്കടി തൂവാല കൊണ്ട് മൂക്ക് തുടയ്‌ക്കുകയും ചെയ്‌തിരുന്നു. കൊറോണ ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതി മോശമായത് വിശ്വാസികളെ വലിയ ആശങ്കയിലാഴ്‌ത്തി.