ന്യൂഡൽഹി: ചെെനയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചു നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. എയർ ഇന്ത്യയുടെ ജംബോ ബി-747 വിമാനമാണ് ഇന്ന് ചെെനയിലേക്ക് തിരിക്കുക. 423 സീറ്റുകളുള്ള വിമാനമാണിത്. നാനുറോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ശനിയാഴ്‌ച പുലർച്ചെ രണ്ടു മണിയോടെ വിമാനം വുഹാനിലെത്തും.

ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളാണ് ചെെനയിൽ കുടുങ്ങി കിടക്കുന്നവരിൽ കൂടുതൽപേരും. ചെെനയിൽ നിന്നു എത്തുന്നവരിൽ ആർക്കെങ്കിലും കൊറോണ വെെറസ് ബാധിച്ചതായി സ്ഥിരീകരിച്ചാൽ അവരെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കും.

അതേസമയം, കൊറോണ ബാധിച്ചവരെ നാട്ടിലേക്ക് തിരിച്ചയക്കില്ലെന്നാണ് ചെെനയുടെ നിലപാട്. അവർക്ക് ചെെനയിൽ തന്നെ ചികിത്സ നൽകിയ ശേഷമായിരിക്കും നാട്ടിലേക്ക് അയക്കുക എന്നാണ് റിപ്പോർട്ട്. ആരോഗ്യവകുപ്പിൽ നിന്നുള്ള അഞ്ച് ഡോക്‌ടർമാർ വിമാനത്തിലുണ്ടാകും. ആദ്യ സംഘത്തില്‍ മലയാളികളും ഉണ്ടാകുമെന്നാണ് സൂചന. വിമാനത്താവളത്തില്‍ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവിസും എയർപോർട്ട് ഹെൽത്ത് അതോറിറ്റിയും പ്രാഥമിക പരിശോധനകള്‍ നടത്തും.

അതേസമയം, ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മാത്രം ഒരു ഡസനിലധികം രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന നടപടി കൈക്കൊണ്ടത്.

Read Also: സഞ്ജുവിനെ ഇറക്കാനാണ് ആദ്യം തീരുമാനിച്ചത്, രാഹുലാണ് എന്നെ നിർദേശിച്ചത്: വിരാട് കോഹ്‌ലി

മറ്റ് രാജ്യങ്ങളെ കൂടി ബാധിക്കുന്ന അസാധാരണ സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. നേരത്തേ എബോള വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിലായിരുന്നു ഇത്. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook