ന്യൂഡൽഹി: ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടികളാരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം. കൊറോണ വൈറസ് മൂലം മരണസംഖ്യ ഉയർന്ന സാഹചര്യത്തിലാണ് ചൈനയിൽ യാത്രനിയന്ത്രണം ഏർപ്പെടുത്തിയത്. വുഹാൻ മേഖലയെ പൂർണമായും ഒറ്റപ്പെടുത്തിയതോടെ ഇന്ത്യാക്കാരടക്കം നിരവധി വിദേശികൾ പ്രദേശത്ത് കുടുങ്ങി.

വുഹാനിലെ ജിയാങ്കാൻ യൂണിവേഴ്സിറ്റിയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ അടിയന്തര സഹായം ആവശ്യപ്പെട്ട് രംഗത്തെത്തി. 45 ഇന്ത്യൻ വിദ്യാർഥികളാണ് ഇവിടെ കുടുങ്ങികിടക്കുന്നത്. 432 യാത്രക്കാരെ ഉൾക്കൊള്ളുന്ന എയർ ഇന്ത്യയുടെ ജംമ്പോ വിമാനം രക്ഷാപ്രവർത്തനത്തിനായി ഏതു സമയവും  ചൈനയിലേക്ക് പോകാൻ തയാറായി നിൽക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Also Read: കൊറോണ വെെറസ്: കേരളത്തിൽ 436 പേർ നിരീക്ഷണത്തിൽ

ഇതുവരെ 106 ആളുകൾക്കാണ് കൊറോണ വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്. 4515 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത് 2835 ആയിരുന്നു. ചെെനയിൽ ഫെയ്‌സ്ബുക്ക് ഉപയോഗത്തിനു നിയന്ത്രണമുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിച്ച് ഭീതി ഉണ്ടാകാതിരിക്കാനാണ് ഇത്. ജോലിക്കാരോട് വീടുകളിൽ ഇരുന്ന് തന്നെ ജോലി ചെയ്‌താൽ മതിയെന്ന് പല കമ്പനികളും നിർദേശിച്ചിട്ടുണ്ട്.

Also Read: കൊറോണ വെെറസ്: ചെെനയിൽ മരണസംഖ്യ ഉയരുന്നു

137 വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിയ 29,707 യാത്രക്കാരെ ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ രക്ത സാംപിളുകൾ പൂനെയിലെ വൈറോളജി ഇന്‍സ്റ്റി‌റ്റ‌്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook