ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 78,000 കടന്നു. ഇന്നലെ മാത്രം 3,500 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 78,0003 പേർക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 26,234 പേർ രോഗമുക്തി നേടി. മരിച്ചവരുടെ എണ്ണം 2,549 ആയി ഉയർന്നു.

ഇന്നലെ റിപ്പോർട്ട് ചെയ്ത 3,500 കേസുകളിൽ 1500 ഓളം മഹാരാഷ്ട്രയിലാണ്. തമിഴ്നാട്ടിലാണ് രോഗവ്യാപനം കൂടുന്നത്. കഴിഞ്ഞ ഏതാനും ദിവസത്തിനുളളിൽ 700 നും 800 നും ഇടയിലാണ് പോസിറ്റീവ് കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇന്നലെ വൈകീട്ട് വരെ 9,227 കേസുകളാണ് തമിഴ്നാട്ടിലുളളത്.

Read Also: കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ല; ലോകാരോഗ്യസംഘടന

രോഗബാധിതർ ഏറ്റവും കൂടുതലുളളത് മഹാരാഷ്ട്രയിലാണ്, 25,922 പേർ. ഗുജറാത്ത് (9,268), തമിഴ്നാട് (9,227), ഡൽഹി (7,998), രാജസ്ഥാൻ (4,222), മധ്യപ്രദേശ് (4,173), ഉത്തർപ്രദേശ് (3,778), പശ്ചിമ ബംഗാൾ (2,290), ആന്ധ്രപ്രദേശ് (2,137), പഞ്ചാബ് (1,924) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

ഇന്ത്യയിൽ മേയ് മാസത്തിലെ ആദ്യത്തെ 12 ദിവസത്തിനുളളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിലെ 80 ശതമാനവും 114 റെഡ് സോൺ ജില്ലകളിലാണ്. 15 ശതമാനം ഓറഞ്ച് സോണുകളിൽനിന്നും ബാക്കി ഗ്രീൻ സോണുകളിൽ നിന്നുമാണ്.

Read Also: കൊറോണ വെെറസ് ഉത്ഭവിച്ചത് ഒരു ലാബിൽ നിന്ന്, സ്വാഭാവികമായി ഉണ്ടായതല്ല: നിതിൻ ഗഡ്‌കരി

ബീഹാർ, ജമ്മു കശ്മീർ, കർണാടക ജില്ലകളിൽ കോവിഡ് ബാധിതരുടെ എണ്ണം 1,000 ത്തോട് അടുക്കുന്നു. ഹരിയാനയിൽ 793 കേസുകളും ഒഡീഷയിൽ 538 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഛണ്ഡീഗഡിൽ 189 പേർക്കും ജാർഖണ്ഡിൽ 117 പേർക്കും രോഗം സ്ഥിരീകരിച്ചു. ത്രിപുരയിൽ 150 പോസിറ്റീവ് കേസുകളാണുളളത്.

ആഗോളതലത്തിൽ 40 ലക്ഷത്തോളം പേർക്കാണ് രോഗം ബാധിച്ചത്. 3 ലക്ഷത്തോളം പേരാണ് മരിച്ചത്. യുഎസിലാണ് ഏറ്റവും കൂടുതൽ മരണം, 83,356. യുകെയും (33,263) ഇറ്റലിയും (31,106) ആണ് തൊട്ടുപിന്നിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook