ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വെെറസ് ബാധയിൽ ചെെനയിൽ മരിച്ചവരുടെ എണ്ണം 106 ആയി. 1300 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. മൊത്തം നാലായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
ചെെനയിൽ ഫെയ്സ്ബുക്ക് ഉപയോഗത്തിനു നിയന്ത്രണമുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിച്ച് ഭീതി ഉണ്ടാകാതിരിക്കാനാണ് ഇത്. ജോലിക്കാരോട് വീടുകളിൽ ഇരുന്ന് തന്നെ ജോലി ചെയ്താൽ മതിയെന്ന് പല കമ്പനികളും നിർദേശിച്ചിട്ടുണ്ട്.
Read Also: പൗരത്വ നിയമം: കുടിയേറ്റക്കാർ മതം തെളിയിക്കുന്ന രേഖകൾ കാണിക്കണം
ചെെനയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനത്തിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചു. ഇവരെ ഇന്ത്യയിലെത്തിക്കാൻ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു.
ചെെനയിൽ 20 നഗരങ്ങളിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും അതീവ ജാഗ്രതയാണ് പുലർത്തുന്നത്. നിരീക്ഷണത്തിലുള്ളവരിൽ ആരിലും പോസിറ്റീവ് റിപ്പോർട്ട് വന്നിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
137 വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിയ 29,707 യാത്രക്കാരെ ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ രക്ത സാംപിളുകൾ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
Read Also: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
പുതിയ വൈറസായതിനാല്‍ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.