scorecardresearch

കൊറോണ വൈറസ്: ഉംറ തീർഥാടകർക്ക് വിലക്കേർപ്പെടുത്തി സൗദി

കരിപ്പൂരിൽ ഉംറ യാത്രയ്‌ക്കെത്തിയവരെ വിമാനത്തിൽനിന്നിറക്കി വീടുകളിലേക്കു തിരിച്ചയച്ചു

കൊറോണ വൈറസ്: ഉംറ തീർഥാടകർക്ക് വിലക്കേർപ്പെടുത്തി സൗദി

റിയാദ്: കൊറോണ വൈറസ് (കോവിഡ് 19) വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതില്‍ താല്‍ക്കാലിക വിലക്കുമായി സൗദി അറേബ്യ. ഉംറ തീര്‍ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാനിലടക്കം കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് സൗദിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ഥാടകരെ മടക്കി അയച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗള്‍ഫിലാകെ 211 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഇറാനില്‍ നിന്ന് എത്തിയവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇറാനുമായുള്ള ബന്ധം നിയന്ത്രിക്കുകയാണ് മറ്റ് രാജ്യങ്ങള്‍. ഇറാനില്‍ നിന്നെത്തുന്നവരെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്.

Read Also: പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സൗദി പൗരന്‍മാര്‍ക്കും ജിസിസി പൗരന്‍മാര്‍ക്കും രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിനും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വിദേശത്തേക്ക് പോയ സൗദി പൗരന്‍മാര്‍ക്ക് തിരിച്ച് വരുന്നതിന് വിലക്കില്ല. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജിസിസി പൗരന്‍മാര്‍ക്ക് അവരുടെ രാജ്യങ്ങളിലേക്ക് പോകാവുന്നതാണ്.

കരിപ്പൂരില്‍നിന്ന് മൂന്നു വിമാനങ്ങളിലായി 400 തീര്‍ഥാടകരാണ് ഉംറയ്ക്കു പുറപ്പെടേണ്ടിയിരുന്നത്. യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയവരെ വീടുകളിലേക്കു തിരിച്ചയച്ചു. ഉംറയ്ക്കുള്ള വസ്ത്രമടക്കം ധരിച്ച് വിമാനത്തില്‍ കയറിയ തൊണ്ണൂറോളം യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Corona virus alert saudi arabia temporarily suspends entry for umrah pilgrims