ന്യൂഡൽഹി: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 5800 കവിഞ്ഞു. 152 രാജ്യങ്ങളിലാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ വൈറസ് പടരുന്നത് കുറഞ്ഞെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പടർന്നു പിടിക്കുകയാണ് കൊറോണ വൈറസ്. ഇറ്റലിക്ക് പുറമെ ബ്രിട്ടണിലും സ്‌പെയിനിലും വൈറസ് ബാധിക്കുന്നവരുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

കൊറോണയുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ കലാ-കായിക ഒത്തുചേരലുകൾ റദ്ദാക്കിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം 40000 ആളുകളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ ബ്രിട്ടണിൽ മാത്രം മരണസംഖ്യ ഇരട്ടിയായി. സ്‌പെയിനിലും ബ്രിട്ടണിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിശോധന ഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇന്ത്യയിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി. കേരളത്തിൽ 22 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗം ഭേദമായ മൂന്ന് പേരുൾപ്പടെ രാജ്യത്ത് ആകെ പത്ത് പേരാണ് ആശുപത്രി വിട്ടത്.

കേരളത്തിൽ പുതിയതായി കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തട്ടില്ലെങ്കിലും ലോകമെമ്പാടും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കർശന പരിശോധനകൾ നടത്തും. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്പോസ്റ്റുകളിലും പരിശോധന നടത്താനാണ് സർക്കാർ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook