മുംബൈ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നഗരങ്ങളിൽ അവശ്യ സേവനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങൾ 31വരെ അടച്ചിടും. മുംബൈ, പൂനെ, നാഗ്പൂർ നഗരങ്ങളിലെ സ്ഥാപനങ്ങളും ഓഫീസുകളും അടച്ചിടാനാണു തീരുമാനം. ബാങ്കുകളെയും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളെയും അടച്ചിടലിൽനിന്ന് ഒഴിവാക്കിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

Also Read: കോവിഡ്: സ്വകാര്യ മേഖലയിലും ‘വർക്ക് ഫ്രം ഹോം’ കർശനമായി നടപ്പിലാക്കണമെന്ന് കേന്ദ്രം

മുംബെ, മുംബൈ മെട്രോപൊളിറ്റൻ മേഖല, പൂനെ, പിംപ്രി ചിഞ്ച്വാദ്, നാഗ്പപൂർ എന്നിവിടങ്ങളിൽ സർക്കാർ ഉത്തരവ് ബാധകമാവും. ഭക്ഷ്യവസ്തുക്കൾ, പാൽ, മരുന്ന് എന്നിവ വിൽക്കുന്ന കടകളാണ് തുറന്നുപ്രവർത്തിക്കുക. സർക്കാർ ഓഫീസുകളിൽ 25ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്കെത്തുകയെന്നു മുഖ്യമന്ത്രി അറിയിച്ചു. മുംബൈ നഗരത്തിൽ പൊതുഗതാഗതം നിരോധിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗതാഗത നിരോധനം സംബന്ധിച്ച് തനിക്ക് ഉപദേശം ലഭിച്ചിരുന്നെന്നും എന്നാൽ ആളുകൾക്ക് അവശ്യസേവനങ്ങൾ ലഭിക്കാതിരിക്കാൻ അത്തരമൊരു നീക്കം കാരണമാവുമെന്നതിനാൽ വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നും താക്കറെ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പൊതുഗതാഗതം നിരോധിക്കില്ല. വീട്ടിനകത്ത് കഴിയാനുള്ള നിർദേശത്തോട് സംസ്ഥാനത്തുള്ളവർ അനുകൂലമായാണ് പ്രതികരിക്കുന്നത്. സംസ്ഥാനത്തെ ട്രെയിനുകളിലും ബസുകളിലും തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.

Also Read: കൊറോണവൈറസ് ഭീതി: 14 ട്രെയിനുകള്‍ കൂടെ റദ്ദാക്കി

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതർ മഹാരാഷ്ട്രയിലാണ്. 52 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയിലെ തിരക്ക് നിയന്ത്രിക്കാനായില്ലെങ്കിൽ നഗരത്തിലെ സബർബൻ ട്രെയിനുകളടക്കമുള്ള ഗതാഗത സംവിധാനങ്ങൾ നിർത്തിവയ്ക്കേണ്ടിവരുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook