വാഷിങ്‌ടൺ: കൊറോണ വെെറസ് ബാധയെ തുടർന്ന് യുഎസിൽ ആദ്യ മരണം. നോവൽ കൊറോണ വെെറസ് ബാധിച്ച ഒരു പുരുഷൻ മരിച്ചതായി യുഎസ് ആരോഗ്യവിഭാഗം അറിയിച്ചു. കൊറോണ ബാധിതരുമായി ഇയാൾ ഏതെങ്കിലും വിധത്തിൽ സമ്പർക്കം പുലർത്തിയതായോ കൊറോണ ബാധിത പ്രദേശങ്ങളിലൂടെ യാത്ര ചെയ്‌തതായോ വ്യക്‌തതയില്ല.
ഓസ്ട്രേലിയയിലും കൊറോണ വെെറസ് ബാധ കാരണം ഒരാൾ മരിച്ചു. ഓസ്ട്രേലിയയിലെ ആദ്യ മരണമാണിത്. കോവിഡ്-19 ബാധിച്ച് പെർത്തിലെ ആശുപത്രിയിലാണ് ഇയാൾ മരിച്ചത്. ഇയാൾക്ക് 78 വയസ്സായിരുന്നു. ഇയാളുടെ ഭാര്യ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.
കൊറോണ വെെറസ് ബാധയെ തുടർന്ന് ചെെനയിൽ മരിച്ചവരുടെ എണ്ണം 2870 ആയി. 575 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ചെെനയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 80,000 ത്തിനോട് അടുത്തു.
Read Also: കല്യാണ വീട്ടിൽ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ച ‘ആചാരലംഘനം’; ചിരിയടക്കാതെ വധു
ദക്ഷിണ കൊറിയയിൽ കൊറോണ വെെറസ് ബാധിച്ചവരുടെ എണ്ണം 3,500 കടന്നു. 17 പേർ മരിച്ചു, 375 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൊറോണ വെെറസിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 3000 ത്തിലേക്ക് അടുക്കുകയാണ്. ലോകാരോഗ്യസംഘടനയടക്കം വലിയ ആശങ്കയിലാണ്.
കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ ജാഗ്രത കർശനമാക്കിയിട്ടുണ്ട്. നോവല്‍ കൊറോണ വൈറസ് (കോവിഡ്-19) ഭീതിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യുഎഇയില്‍ നഴ്‌സറികള്‍ അടച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കു നഴ്‌സറികള്‍ അടച്ചിടുമെന്നു വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മദി, ആരോഗ്യ മന്ത്രി അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഒവൈസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Read Also: Horoscope of the week (March 01-March 07, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
സ്‌കൂള്‍ ടൂറും മറ്റും പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. യുഎഇയില്‍ ഇതുവരെ 21 പേര്‍ക്കാണു കോവിഡ്-19 ബാധ സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചുപേര്‍ പൂര്‍ണമായും രോഗമുക്തി നേടി. 2020 യുഎഇ ടൂറിന്റെ ഭാഗമായി എത്തിയ ഇറ്റലിക്കാരായ രണ്ട് സൈക്കിളിങ് ടെക്‌നീഷ്യന്മാര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട 612 പേരെ പരിശോധനയ്ക്കു വിധേയമാക്കി. ഇതില്‍ 450 പേര്‍ക്കു രോഗബാധയില്ല. 162 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്ന് അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു. ഇവരോട് 14 ദിവസം കരുതല്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ ചൈന, ഇറാന്‍, ബഹ്‌റൈന്‍ പൗരന്മാരാണ്. നേരത്തെ രോഗം ബാധിച്ചവരില്‍ ഒരു ഇന്ത്യക്കാരനുണ്ടായിരുന്നു. അതിനിടെ, കൊറോണ വൈറസ് പടരുന്ന ഇറാനില്‍നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാന്‍ യുഎഇ ശ്രമം ആരംഭിച്ചു. ഇതിനായി രണ്ടു വിമാനങ്ങള്‍ ഒരുക്കി. ഇറാനില്‍ രോഗം ബാധിച്ച് ഇരുന്നിലേറെ പേര്‍ മരിച്ച സാഹചര്യത്തിലാണു യുഎഇ ഒഴിപ്പിക്കല്‍ നടപടിക്കു തയാറാവുന്നത്.