scorecardresearch
Latest News

രാജ്യത്ത് കൊറോണ വൈറസ് ബാധിതർ 151; കര്‍ണാടകയില്‍ പൊതുസ്ഥലങ്ങൾ അടച്ചു

ഇറാനിൽ 255 ഇന്ത്യക്കാർക്കു രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊറോണ വൈറസ് ബാധിതർ 151; കര്‍ണാടകയില്‍ പൊതുസ്ഥലങ്ങൾ അടച്ചു

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 151 ആയി ഉയര്‍ന്നു. നോയിഡ, പൂനെ, ബെംഗളുരു എന്നിവിടങ്ങളിലാണു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മൂലം രാജ്യത്ത് ഇതുവരെ മൂന്നു പേരാണ് മരിച്ചത്. അതീവ ജാഗ്രതയിലാണ് രാജ്യം കൊറോണയെ നേരിടുന്നത്. കര്‍ണാടകയില്‍ മാളുകള്‍, തിയറ്ററുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം 13 ആയി ഉയര്‍ന്നിട്ടുണ്ട്.

വിദേശത്ത് 276 ഇന്ത്യക്കാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 255 പേര്‍ക്കും രോഗം പിടിപെട്ടത് ഇറാനില്‍നിന്നാണെന്നും വിദേശകാര്യ മന്ത്രാലയം  ലോക്‌സഭയെ അറിയിച്ചു. 12 പേര്‍ക്ക് യുഎയില്‍വച്ചും അഞ്ചുപേര്‍ക്ക് ഇറ്റലിയില്‍വച്ചും ഹോങ്‌കോങ്, കുവൈറ്റ്, റവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളില്‍വച്ച് ഓരോ ആള്‍ക്കു വീതവും വൈറസ് ബാധിച്ചു.

Read Also: കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ്ബ്; വൈറസിനെക്കുറിച്ചെല്ലാം അറിയാം വാട്സാപ്പിൽ

കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവ് ആയവര്‍ക്ക് രാജ്യാന്ത ചട്ടങ്ങള്‍ പ്രകാരം അനുസരിച്ച് യാത്ര ചെയ്യാന്‍ അനുവാദമില്ല. മടങ്ങിവരുന്നതിനുമുമ്പ് ബന്ധപ്പെട്ട രാജ്യങ്ങളില്‍ ചികിത്സയ്ക്കു വിധേയമാകേണ്ടിവരും. അതേസമയം, പരിശോധനാ ഫലം നെഗറ്റീവായ ഇറാനിലെ ഇന്ത്യക്കാരെ സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവന്നിരുന്നു.

ഗോവയില്‍ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. നോര്‍വെ സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചതെന്നും ഇയാള്‍ ഐസൊലേഷനിലാണെന്നും ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. ഇന്നലെ രാത്രി പശ്ചിമ ബംഗാളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസാണിത്. ഇയാൾ ഇംഗ്ലണ്ടിൽ നിന്നു എത്തിയതാണ്.

Read Also: കോവിഡ്-19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി

സൈന്യത്തില്‍ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിരണ്ടുകാരനായ കരസേനാ ജവാനാണു കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍നിന്നു തിരിച്ചെത്തിയതിനു പിന്നാലെ രോഗം സ്ഥിരീകരിച്ച പിതാവുമായി ജവാന്‍ അടുത്തിടപഴകിയിരുന്നു. മാര്‍ച്ച് ഏഴു മുതല്‍ ക്വാറന്റൈനിലായിരുന്ന ജവാന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

സൗദി അറേബ്യ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ബിജെപി എംപി സുരേഷ് പ്രഭു സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. മാര്‍ച്ച് 11നു ഖോബറില്‍ നടന്ന ജി20 യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രതിനിധിയായി പങ്കെടുക്കാനാണ് അദ്ദേഹം പോയത്. തിരിച്ചെത്തിയ ശേഷം നടത്തിയ കൊറോണ പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒറ്റപ്പെട്ടുകഴിയാന്‍ സ്വയം തീരമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

മാഹാരാഷ്ട്രയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. മുംബെെയിൽ കനത്ത ജാഗ്രത തുടരുന്നു. തീവണ്ടികൾ റദ്ദ് ചെയ്യുന്ന നടപടിയിലേക്ക് മഹാരാഷ്ട്ര സർക്കാർ കടക്കുമെന്നാണ് റിപ്പോർട്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 16 സംസ്ഥാനങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Read Also: കോവിഡ് 19: സ്‌പെഷൽ ട്രെയിനുകൾ റദ്ദാക്കി

യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത്, അഫ്ഗാനിസ്ഥാൻ , ഫിലീപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് മാർച്ച് 31 വരെ ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രോഗവ്യാപനത്തെ തുടർന്ന് രാജ്യത്ത് അറുപതോളം ട്രെയിൻ സർവീസുകൾ റദ്ദാക്കി. ദക്ഷിണ റെയിൽവേ മാത്രം 17 ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ഇറാനിലുള്ള 254 ഇന്ത്യക്കാർക്ക് കൊറോണ പോസിറ്റീവ് ആണെന്ന തരത്തിൽ വാർത്തകളുണ്ട്. എന്നാൽ, ഇവർക്ക് കൊറോണ പോസിറ്റീവ് ആയിട്ടുണ്ടോ എന്ന കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഇറാനിലേക്ക് തീർത്ഥാടനത്തിനായി എത്തിയവരാണ് ഇവർ.

Read Also: Horoscope Today March 18, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അതേസമയം, ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടിരിക്കുകയാണ്. എണ്ണായിരത്തിലേറെ പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. 81,151 പേർക്ക് രോഗം സ്ഥിരീകരിച്ച ചെെനയിൽ മരണസംഖ്യ 3,242 ആയി. ഇറ്റലിയിൽ മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. ഇതുവരെ 2,503 പേർ മരിച്ചു. ഇന്നലെ മാത്രം 345 പേർ മരിച്ചു. 31,506 പേർക്ക് രോഗം സ്ഥിരീകരിച്ചു.

16,169 പേർക്കു രോഗം സ്ഥിരീകരിച്ച ഇറാനിൽ 988 പേർ ഇതുവരെ മരിച്ചു. സ്പെയിനിൽ 491 പേരും ഫ്രാൻസിൽ 175 പേരും ദക്ഷിണ കൊറിയയിൽ 84 പേരും  അമേരിക്കയിൽ​ 75 പേരും യുകെയിൽ 60 പേരും ഇതുവരെ മരിച്ചു. ഇന്ത്യ ഉൾപ്പെടെ 165 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.

Read Also: Bigg Boss Malayalam 2: പോകുന്നതിനു മുൻപ് എന്റെ കയ്യിൽ നിന്നു വാങ്ങിക്കും ഇവൻ; സുജോയെ ഉന്നംവച്ച് ആര്യ

രാജ്യത്ത് കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലാണെന്നാണ് ഐസിഎംആർ വിലയിരുത്തൽ. അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നാണ് ഐസിഎംആർ വ്യക്‌തമാക്കിയിരിക്കുന്നത്. രോഗനിര്‍ണയത്തിനായി 72 ലാബുകള്‍ തുറന്നു. ഈ ആഴ്ച അവസാനത്തോടെ 49 ലാബുകള്‍ കൂടി സജ്ജമാകും. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും ഐസിഎംആർ അധികൃതർ അറിയിച്ചു.

അനവധി സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ അടച്ചസാഹചര്യത്തില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കാത്തതില്‍ നടപടിയുമായി സുപ്രീം കോടതി. കുട്ടികളെ എങ്ങനെ പരിപാലിക്കുന്നുവെന്നതില്‍ മറുപടി തേടി സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് കോടതി സ്വമേധയാ നോട്ടീസ് പുറപ്പെടുവിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Corona covid 19 second stage in india total cases increased