കരിപ്പൂർ: രാജ്യത്ത് കൊവിഡ് 19 ആശങ്ക വർധിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവെെറ്റ് വിലക്ക് ഏർപ്പെടുത്തി. ഇന്നു മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക്. കരിപ്പൂരില്‍ നിന്ന് രാവിലെ പുറപ്പെടേണ്ട കുവൈത്ത് വിമാനം റദ്ദാക്കി. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ മടക്കിയയച്ചു. വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. ഇന്ത്യയടക്കം ഏഴ് രാജ്യങ്ങള്‍ക്കാണ് കുവെെത്ത് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കുവെെറ്റിൽ ഇതുവരെ 58 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, കൊവിഡ് 19 വെെറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 3,495 ആയി. ദിനംപ്രതി മരണസംഖ്യ ഉയരുന്നത് ലോകത്തെ ആശങ്കയിലാഴ്ത്തുന്നു. ഇതുവരെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നു രാവിലെ വരെയുള്ള കണക്കനുസരിച്ച് 102,224 പേർക്കാണ് കൊവിഡ് 19 ബാധിച്ചത്. ഇതിൽ 57,611 പേർ രോഗവിമുക്തരായി.
ചെെനയിൽ 99 പുതിയ കേസുകളാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 80,651 പേർക്കാണ് ചെെനയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെെനയിൽ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3,070 ആണ്. 22,177 പേർ ഇപ്പോഴും ചികിത്സയിലാണ്.
ദക്ഷിണ കൊറിയയിൽ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിക്കുകയാണ്. ഇതുവരെ 6,767 പേർക്ക് ദക്ഷിണ കൊറിയയിൽ കൊറോണ സ്ഥിരീകരിച്ചു. ഇറാനിലും ഇറ്റലിയിലും കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 5,000 ത്തിലേക്ക് അടുക്കുകയാണ്. ഇറ്റലിയിൽ 194 പേരും ഇറാനിൽ 124 പേരും കൊവിഡ് 19 ബാധിച്ച് മരിച്ചു.
ഇന്ത്യയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 31 പേരിലാണ്. അതിൽ മൂന്ന് പേർ വിമുക്തരായി. 28 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. കനത്ത ജാഗ്രതയിലാണ് രാജ്യം. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഉൾപ്പെടെ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.