ന്യൂഡൽഹി: കൊറോണ വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ നിയന്ത്രണങ്ങൾ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശം നൽകി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് നിയന്ത്രണങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ മാളുകളും തിയറ്ററുകളും സ്വിമ്മിങ് പൂളുകളും അടച്ചിടണം. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പൊതു ഗതാഗത സംവിധാനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റിവയ്‌ക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

വ്യക്‌തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിച്ചുവേണം ഇടപഴുകാൻ. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണം. ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

രാജ്യത്ത് ഇതുവരെ 114 പേർക്ക് കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് പേർ മരിച്ചു. 13 പേർ രോഗവിമുക്തരായി. ബെംഗളൂരുവിൽ ഒരാൾക്ക് കൂടി കൊറോണ ലക്ഷണങ്ങലുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. മാർച്ച് 31 വരെയാണ് നിയന്ത്രണങ്ങൾ. കൊറോണ വ്യാപനത്തിനനുസരിച്ച് നിയന്ത്രണങ്ങൾ നീട്ടാനാണ് സാധ്യത.

Read Also: കോവിഡ് 19: പ്രതിരോധത്തിന് തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികളോട്‌ ആരോഗ്യ സര്‍വകലാശാല

കൊറോണ ബാധിച്ച് ഇതുവരെ ലോകത്താകമാനം 6,664 പേർ മരിച്ചു. 1,73,085 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 88,000 ത്തിലേറെ പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ചെെനയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 3,213 പേർ ചെെനയിൽ മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook