ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി. പഞ്ചാബ് സ്വദേശിയാണു മരിച്ചത്. ഇതോടെ മരണനിരക്ക് നാലായി ഉയർന്നു. നേരത്തെ, കർണാടക, ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണു മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 173 ആയി ഉയർന്നിട്ടുണ്ട്.

148 ഇന്ത്യക്കാർക്കും 25 വിദേശികൾക്കുമാണു രോഗം സ്ഥിരീകരിച്ചത്. വിദേശികളിൽ 17 പേർ ഇറ്റലിക്കാരും മൂന്നു പേർ ഫിലിപ്പൈൻസുകാരും രണ്ടുപേർ യുകെ സ്വദേശികളുമാണ്. കാനഡ, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള ഓരോ ആൾക്കു വീതവും രോഗം സ്ഥിരീകരിച്ചു. ഇതുവെര 20 പേർ രോഗവിമുക്തരായി.

ഛത്തീസ്‌ഗഡിൽ ആദ്യമായി കൊറോണ കേസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, കർണാടക എന്നിവിടങ്ങളിലും പുതിയ കേസുകൾ സ്ഥിരീകരിച്ചു. ചണ്ഡീഗഢിൽ ബ്രിട്ടനിൽനിന്ന് എത്തിയ ഇരുപത്തി മൂന്നുകാരിക്കാണു കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

കേരളത്തിൽ ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 28 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേർ രോഗമുക്തി നേടി. നിലവിൽ, രണ്ടു വിദേശികൾ ഉൾപ്പെടെ 25 പേരാണു ചികിത്സയിലുള്ളത്.

രാജ്യത്ത് ഏറ്റവുമാദ്യം കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിലെ വുഹാനിൽനിന്ന് എത്തിയ മെഡിക്കൽ മൂന്ന് വിദ്യാർഥികൾക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവർ തൃശൂർ, ആലപ്പുഴ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ആശുപത്രികളിലെ ചികിത്സയെത്തുടർന്ന് രോഗമുക്തരാവുകയായിരുന്നു.

ലോകത്തുടനീലം മരണസംഖ്യ വർധിക്കുകയാണ്. ലോകത്താകമാനം മരിച്ചതു 8,962 പേരാണ്. വെെറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,19,101 ആയി. ഇതിൽ 85,000 ത്തിലേറെ പേർ രോഗവിമുക്‌തരായിട്ടുണ്ട്.

ചെെനയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 3,245 ആയി. രാജ്യത്ത്‌ 80,000 ത്തിലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ 2,978 പേർ മരിച്ചപ്പോള്‍ ഇറാനില്‍ മരണസംഖ്യ 1,135 ആയി. ഇറ്റലിയിൽ അതിവേഗമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം നാലായിരത്തിലേറെ പേർക്ക് ഇറ്റലിയിൽ കോവിഡ് സ്ഥിരീകരിച്ചു.

Read Also: Horoscope Today March 19, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കോവിഡ് 19 വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്നു രാത്രി എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 നെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യണം, ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നിവയെ ക്കുറിച്ചെല്ലാം പ്രധാനമന്ത്രി സംസാരിക്കും.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് -19 നെ പ്രതിരോധിക്കാൻ സ്വീകരിച്ചുവരുന്ന നടപടികളെ പ്രധാനമന്ത്രി പ്രശംസിച്ചു. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook