ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ഇന്ത്യൻ സൈന്യവും രംഗത്ത്. വൈറസ് നിരീക്ഷണത്തിലുളളവരെ പാർപ്പിക്കാനായി രാജ്യത്തെമ്പാടും സൈന്യം കേന്ദ്രങ്ങൾ സ്ഥാപിക്കും. 1,500 പേരെ പാർപ്പിക്കാനുളള സംവിധാനങ്ങളാണ് ഈ കേന്ദ്രങ്ങളിലുണ്ടാവുക. ചെന്നൈ (തമിഴ്നാട്), കൊൽക്കത്ത (പശ്ചിമ ബംഗാൾ), സെക്കൻഡരാബാദ് (തെലങ്കാന), ജയ്സാൽമർ, സൂറത്ത്ഘട്ട് (രാജസ്ഥാൻ) എന്നിവിടങ്ങളിലടക്കമാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുക.

അതേസമയം, രാജ്യത്ത് കൊറോണ വൈറസ് (കൊവിഡ് 19) ബാധിതരുടെ എണ്ണം 31 ആയി ഉയർന്നു. തായ്‌ലൻഡിലും മലേഷ്യയിലും സന്ദർശനം നടത്തിയിട്ടുളള ഡൽഹി സ്വദേശിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, ഇറാനിലെ ടെഹ്റാനിലും ഖോമിലും കുടുങ്ങിയ ഇന്ത്യക്കാരെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ രാജ്യത്ത് എത്തിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ലോകമെമ്പാടും കൊറോണ ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നു രാവിലെ വരെയുള്ള കണക്കനുസരിച്ച് 98,420 പേരാണ് ആകെ കൊറോണ ബാധിതർ. കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 3,385 ആയി. 55,622 പേർ കൊറോണ ബാധയിൽ നിന്ന് മുക്‌തരായി. ഇതിൽ പലരും ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്.

ചൈനയിലെ കൊറോണ ബാധിതരുടെ എണ്ണം 80,552 ആയി. 3,042 പേർക്കാണ് കൊറോണ ബാധ മൂലം ചൈനയിൽ മാത്രം ജീവൻ നഷ്‌ടപ്പെട്ടത്. ഇറ്റലിയിൽ 148 പേരും ഇറാനിൽ 108 പേരും കൊറോണ ബാധിച്ചു മരിച്ചു. ദക്ഷിണ കൊറിയയിൽ 40 പേർ മരിച്ചു. നെതർലൻഡ്സിൽ കൊറോണ ബാധിച്ചുളള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 86 കാരനാണ് ആശുപത്രിയിൽ വച്ച് മരിച്ചത്. നെതർലൻഡ്സിൽ 82 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്.

Read Also: Horoscope Today March 06, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ദുബായ് ഇന്ത്യന്‍ സ്‌കൂളിലെ 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിക്ക് രോഗ ബാധ സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് കരുതുന്നു. ദുബായില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മൂന്ന് പേരുടേയും നില സുരക്ഷിതമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook